മോട്ടോര്‍ വാഹനവകുപ്പില്‍ 'സ്മാര്‍ട്ട് മൂവ് ' നിര്‍ബന്ധമാക്കി
തൊടുപുഴ: മോട്ടോര്‍വാഹന വകുപ്പിലെ വിവിധ ഓഫിസുകളില്‍ അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകള്‍ വകുപ്പിന്റെ സോഫ്റ്റ്‌വെയറായ 'സ്മാര്‍ട്ട് മൂവ് ' വഴി മാത്രമേ തിരിച്ചയക്കാവൂവെന്ന് നിര്‍ദേശം.
രേഖകള്‍ തിരിച്ചയക്കുന്നതില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവ്.
അപേക്ഷകള്‍ തീര്‍പ്പാക്കിയ ശേഷം സ്മാര്‍ട്ട് മൂവ് വഴി സ്പീഡ് പോസ്റ്റിലോ നേരിട്ട് കൈവശമോ നല്‍കണം. സ്പീഡ് പോസ്റ്റ് വഴി അയക്കുകയാണെങ്കില്‍ സ്പീഡ് പോസ്റ്റ് നമ്പരും അയച്ച തിയതിയും വ്യക്തമായി കംപ്യൂട്ടറില്‍ ലഭ്യമാകത്തക്കവിധം സ്മാര്‍ട്ട് മൂവിലെ ഡെസ്പാച്ച് രജിസ്റ്റര്‍ മുഖേന മാത്രമേ അയക്കാവൂ. എല്ലാ അപേക്ഷയിലും ലഭിക്കുന്ന ദിവസംതന്നെ ഇന്‍വേഡ് നമ്പര്‍ ഇടണം.
മേലധികാരികള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഫയലുകളുടെ പുരോഗതി പരിശോധിക്കുകയും വിവരം കൃത്യമായി രേഖപ്പെടുത്തുകയും വേണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന താമസത്തിന് അപേക്ഷ ലഭിച്ചതു മുതല്‍ തിരിച്ചയക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ശരിയായി പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."