കേരളത്തെ ആര്‍.എസ്.എസ് മുക്തമാക്കുക കോണ്‍ഗ്രസ് ലക്ഷ്യം: ചെന്നിത്തല
കോഴിക്കോട്: കേരളത്തെ ആര്‍.എസ്.എസ് വിമുക്തമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആര്‍.എസ്.എസിനെ ഒരു കാരണവശാലും അനുവദിക്കില്ല. രക്തസാക്ഷിത്വ ദിനത്തില്‍ 'മതാന്ധതക്കെതിരെ മഹാത്മജിക്കൊപ്പം' സന്ദേശമുയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലിയോടനുബന്ധിച്ച് മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ഭരണപരാജയം മറച്ചുവെക്കാന്‍ പരസ്പരം കൊല നടത്തി ജനശ്രദ്ധ തിരിച്ചുവിടുകയാണ് ബി.ജെ.പിയും സി.പി.എമ്മും ചെയ്യുന്നത്. കറന്‍സി നിരോധനമെന്ന മോദിയുടെ ഭ്രാന്തന്‍ നടപടിയുടെ ഗുണം ലഭിച്ചത് പിണറായി വിജയനാണ്. പിണറായിയുടെ എട്ടുമാസത്തെ ഭരണപരാജയം ചര്‍ച്ചയാവാതെ പോയി. കേന്ദ്ര സര്‍ക്കാരിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും ഉയരുന്ന ജനരോഷം തിരിച്ചുവിടാന്‍ വേണ്ടിയാണ് പരസ്പരം കൊലപാതകങ്ങള്‍ നടത്തുന്നത്. അവര്‍ക്ക് രക്ഷപ്പെടാനുള്ള ഏക ആയുധം കൊലക്കത്തിയാണ്. എന്നാല്‍ ഇത് അധിക കാലം തുടരാനാവില്ലെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു.
പത്മശ്രീ ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെയും കളരി ഗുരുക്കള്‍ മീനാക്ഷി അമ്മയെയും ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. എം.കെ രാഘവന്‍ എം.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായി. എ.ഐ.സി.സി നിരീക്ഷകന്‍ കെ.വി തങ്കബാലു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. കെ ജയന്ത്, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. പി ശങ്കരന്‍, അഡ്വ. എം വീരാന്‍കുട്ടി, കെ സി അബു, മുന്‍ മന്ത്രിമാരായ സിറിയക് ജോണ്‍, എം ടി പത്മ തുടങ്ങിയവര്‍ സംബന്ധിച്ചു. നിജേഷ് അരവിന്ദ് സ്വാഗതവും കളരിയില്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."