അതിര്‍ത്തി കടന്ന് കഞ്ചാവ് ഒഴുകുന്നു; ഒരുമാസത്തിനിടെ 42 കേസുകളിലായി പിടിയിലായത് 51 പ്രതികള്‍
തൊടുപുഴ: അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ഇടുക്കി ജില്ലയിലെ ചെക്ക്‌പോസ്റ്റുകള്‍ കടന്നു വന്‍ തോതില്‍ കഞ്ചാവും ലഹരി വസ്തുക്കളും സംസ്ഥാനത്തേക്ക് ഒഴുകുന്നതു വ്യാപകമായതോടെ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. ഈമാസം ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് 42 കഞ്ചാവുകേസുകളിലായി അന്‍പതിലധികം പ്രതികളാണു പിടിയിലായത്. പ്രതികളില്‍നിന്ന് ആറുകിലോ 493 ഗ്രാം കഞ്ചാവും എക്‌സൈസ് ഇതുവരെ പിടിച്ചെടുത്തു. പിടിയിലായവരില്‍ വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടും.
ജില്ലയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍ തമ്പടിച്ചിരിക്കുന്ന വന്‍ മാഫിയയാണു കഞ്ചാവ് കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണു ജില്ലാ എക്‌സൈസ് വിഭാഗത്തിനു ലഭിച്ച വിവരം. ഇതേതുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയില്‍ ജില്ലാ എക്‌സൈസും തമിഴ്‌നാട് എക്‌സൈസും പരിശോധന കര്‍ശനമാക്കിയതായി ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എ നെല്‍സണ്‍ പറഞ്ഞു. പിടിക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം പ്രതികളെയും പിടികൂടുന്നതില്‍ തമിഴ്‌നാട് പൊലിസിന്റെ സഹകരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ തേനി, കമ്പം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരിക്കുന്നതായും എക്‌സൈസിനു രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. കുമളി, കമ്പംമെട്ട്, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്ചക്കിടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തോളം പേരെയാണു വാഹന പരിശോധനക്കിടയില്‍ പിടികൂടിയത്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകളിലാണു ഭൂരിഭാഗം പേരും അറസ്റ്റിലായത്.
പിടിയിലായ പ്രതികള്‍ക്ക് ഇടനിലക്കാര്‍ മുഖേനയാണു കഞ്ചാവ് ലഭ്യമാക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയയെക്കുറിച്ച് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നേരത്തെ കഞ്ചാവുകടത്ത് ഒറ്റപ്പെട്ട സംഭവമായിരുന്നത് ഈയിടെയായി വര്‍ധിച്ചിരിക്കുകയാണ്. ഒരു കിലോ കഞ്ചാവിനു താഴെ അളവില്‍ മാത്രം ഇടനിലക്കാരായ പലരിലായി കൈമാറ്റം ചെയ്താണ് ഇവ കടത്തുന്നത്. എളുപ്പം കേസില്‍നിന്നു ജാമ്യം ലഭിക്കുന്നതിനായിട്ടാണു പ്രതികളില്‍ പലരും ഇവ ചെറിയ അളവില്‍ പൊതികളിലാക്കി കടത്തുന്നത്. പ്രതികളില്‍ പലരും ആഡംബര വാഹനങ്ങളിലും മറ്റുമാണു പിടയിലായിട്ടുള്ളതെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടുന്നു.
നേരത്തെയും മലയാളികളുള്‍പ്പെടെയുള്ള കഞ്ചാവുമാഫിയകള്‍ വന്‍തോതില്‍ തമിഴ്‌നാട് അതിര്‍ത്തികളിലും മറ്റു രഹസ്യകേന്ദ്രങ്ങളിലും കഞ്ചാവ് ഒളിപ്പിക്കുന്നതായി ജില്ലാ പൊലിസ് മേധാവിക്കു കീഴിലുള്ള പ്രത്യേക അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ പ്രത്യേക സ്‌ക്വാഡ് പിരിച്ചുവിട്ടെങ്കിലും എക്‌സൈസിന്റെ നേതൃത്വത്തില്‍ ചില രഹസ്യ സ്‌ക്വാഡുകള്‍ കഞ്ചാവ് മാഫിയയെ പിടികൂടാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചെക്ക്‌പോസ്റ്റുകളില്‍ വരാതെ ഊടുവഴികളിലൂടെ സംസ്ഥാനത്തേക്കു കടക്കുന്ന സംഘം കെ.എസ്.ആര്‍.ടി.സി വാഹനങ്ങളിലും മറ്റും യാത്ര ചെയ്തും കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കടത്തുന്നുണ്ട്. ഓരോ ദിവസവും നൂതന രീതിയിലുള്ള മാര്‍ഗങ്ങളുമായിട്ടാണു സംഘം വിലസുന്നത്. കഴിഞ്ഞ ദിവസം ബസിന്റെ സീറ്റിനടിയില്‍ കാന്തം ഘടിപ്പിച്ച് അതിനിടയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയവരെ എക്‌സൈസ് പിടികൂടിയിരുന്നു. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണു കഞ്ചാവ് വില്‍പന വര്‍ധിച്ചിരിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ വ്യാപകമായിരുന്ന അബ്കാരി കേസുകള്‍ ചെറിയ രീതിയില്‍ കുറഞ്ഞെങ്കിലും ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചു നടത്തിയ വിവിധ പരിശോധനകളിലായി വാഷും ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ ഈ മാസം 63 അബ്കാരി കേസുകള്‍ ഇതുവരെയായി രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. 850 ലിറ്റര്‍ വാഷും നാല് ലിറ്റര്‍ ചാരായവും ജില്ലയില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തു. നിരവധി വാഹനങ്ങളും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും ജില്ലയില്‍ വ്യാപക പരിശോധനകള്‍ തുടരുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."