കാങ്കോലില്‍ സംഘര്‍ഷം: ആര്.എസ്.എസ് നേതാവിന് വെട്ടേറ്റു
പയ്യന്നൂര്‍: കാങ്കോലില്‍ സി. പി.എം-ആര്.എസ്.എസ് സംഘര്‍ഷം. അക്രമത്തില്‍ ആര്.എസ്.എസ് നേതാവിന് വെട്ടേറ്റു. ആര്.എസ്.എസ് പയ്യന്നൂര്‍ താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തിപറമ്പില് സ്വദേശി കെ.വി സജിത്തി(30)നാണ് ഇരു കാലിനും വെട്ടേറ്റത്. തലയ്ക്കുള്‍പ്പടെ മര്‍ദനമേറ്റ സജിത്തിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെ കാങ്കോലിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ആര്.എസ്.എസ് പരിവാര്‍ ബൈഠക്ക് നടക്കുന്നതിനിടെയാണ് അക്രമം. സംഘടിച്ചെത്തിയ സി.പി.എം, ഡി വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഡിറ്റോറിയം വളഞ്ഞ ശേഷം ഇരച്ചുകയറുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് ലൈറ്റ് ഓഫ് ചെയ്ത ശേഷം വടി, പട്ടിക തുടങ്ങിയവ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു. ഇതിനിടെയാണ് സജിത്തിന് വെട്ടേറ്റത്. പെരിങ്ങോം പൊലിസ് സ്ഥലത്തെത്തിയ ശേഷമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ വൈകുന്നേരം കാങ്കോല്‍ ടൗണില്‍ ഡി.വൈ.എഫ്.ഐ നടത്തിയ ഗാന്ധി സ്മൃതി സംഗമ പരിപാടി ആര്.എസ്.എസുകാര്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നും അസഭ്യംപറയുകയും കൂകി വിളിക്കുകയും ചെയ്ത ആര്.എസ്.എസുകാര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ചുവെന്നും സി. പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."