സ്വര്ണനൂലുള്ള ഷര്‍ട്ടിട്ട് ചര്‍ക്കയുടെ മുന്നിലിരുന്നാല്‍ മോദി ഗാന്ധിയാവില്ല: ടി പത്മനാഭന്
കണ്ണൂര്‍: കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഭരണാധികാരികള്‍ക്ക് ഒഴിവാക്കാമെന്നല്ലാതെ ഗാന്ധിജിയെ മനുഷ്യമനസുകളില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ചെറുകഥാകൃത്ത് ടി പത്മനാഭന്. മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അറിയുക ഇന്ത്യയെ അറിയുക എന്ന പദ്ധതിയുടെ എട്ടാം ഘട്ട ഉദ്ഘാടനം പുഴാതി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഖാദിബോര്‍ഡ് പുറത്തിറക്കിയ ഡയറിയിലും കലണ്ടറിലും മഹാത്മജി നൂല് നൂല്ക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി നൂല് നൂല്ക്കുന്ന ചിത്രമാണ് പതിച്ചിരിക്കുന്നത്. പുതുതായി പുറത്തിറക്കിയ നോട്ടില്‍ ഗാന്ധിജിക്ക് മോദി പ്രസംഗിക്കുന്ന തരത്തിലുള്ള മാറ്റം ഉണ്ടെന്നും പറയുന്നത് കേട്ടു. സ്വര്‍ണത്തിന്റെ നാരു കൊണ്ട് നിര്‍മിച്ച ഷര്‍ട്ട് ധരിക്കുന്ന പ്രധാനമന്ത്രി മോദി ഇതിലപ്പുറവും ചെയ്യും. എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹം ഗാന്ധിജിയാവില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളും മഹാത്മജിയെകുറിച്ചുമുള്ള പാഠഭാഗങ്ങളും പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റ് ചെയര്മാന് കെ പ്രമോദ് അധ്യക്ഷനായി. ലൈബ്രറിക്കുള്ള പുസ്തകം പ്രിന്‍സിപ്പല്‍ ഷെറിന് ജോസഫ് ഏറ്റുവാങ്ങി. പുഴാതി സ്കൂള്‍ എച്ച്.എം കെ രാജന്, കോര്പറേഷന് കൗണ്‍സിലര്‍ കെ ശ്രീജ, പി.ടി.എ പ്രസിഡന്റ് ബി.കെ അഹമ്മദ്, കെ.സി രാജന്, കെ.പി ജോഷ്വില്, അ നൂപ് ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."