പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത അപകടം നടുക്കം മാറാതെ അസ്‌ക്കര്‍
പരപ്പനങ്ങാടി: റെയില്‍വേ അടിപ്പാത നിര്‍മാണത്തിനിടയില്‍ മണ്ണിനടിയില്‍പെട്ടു രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍നിന്നു മോചിതനാകാതെ പരപ്പനങ്ങാടി പുത്തന്‍പീടിക സ്വാദേശി പുത്തന്‍മാക്കാനകത്ത് അസ്‌ക്കര്‍ (26).
ഇന്നലെ രാത്രി എട്ടരയ്ക്കാണ് അപകടം നടന്നത്. നാലു പേര്‍ രക്ഷപ്പെട്ടെങ്കിലും അസ്‌ക്കറിനെ മണ്ണിനടിയില്‍നിന്നു വലിച്ചെടുക്കുകയായിരുന്നു. അസ്‌ക്കറിന്റെ അര ഭാഗംവരെ മണ്ണിനടിയിലായിരുന്നു. ഫറോക്ക് കല്ലംപാറ സ്വദേശി സുബ്രഹ്മണ്യന്‍ (26), എടച്ചറ സ്വദേശി സുകുമാരന്‍ (50) എന്നിവരാണ് മണ്ണിനടിയില്‍പെട്ട് ശ്വാസംമുട്ടി മരിച്ചത്. ഏറെ നേരത്തെ പരിശ്രമ ശേഷമാണ് മരിച്ചവരെ പുറത്തെടുത്തത്.
ജെ.സി.ബി മണ്ണുനീക്കുന്ന പ്രവൃത്തി നടത്തുന്നതിനിടയില്‍ കൈക്കോട്ട് ഉപയോഗിച്ചു കിളക്കുന്നവരുടെ ദേഹത്തേക്കു ചരല്‍ മണല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഒന്നാംട്രാക്കില്‍ ചതുരപ്പെട്ടി സ്ഥാപ്പിക്കല്‍ പൂര്‍ത്തിയായ ശേഷമാണ് രണ്ടാം ട്രാക്കിലെ പ്രവൃത്തി ആരംഭിച്ചത്. ഒന്നാം ട്രാക്ക് മണല്‍കൊണ്ടാണ് നിര്‍മിച്ചതെങ്കില്‍ രണ്ടാം ട്രാക്ക് ചരല്‍ മണ്ണ് കൊണ്ടായിരുന്നു. വന്‍ ശബ്ദത്തോടെ മണ്ണിടിയാന്‍ തുടങ്ങിയതോടെ മറ്റു തൊഴിലാളികളും പരിസരത്തുള്ളവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിവരെയാണ് റെയില്‍വേ ട്രാക്കിനടിയിലെ ജോലി പൂര്‍ത്തിയാക്കാനുള്ള സമയം അനുവദിച്ചിരുന്നത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തിരൂരില്‍നിന്നുള്ള അഗ്‌നിശമന സേനയും പൊലിസും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."