ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ നടപടികള്‍ ആരംഭിച്ചു: മെഡിക്കല്‍ ക്യാംപ് ഇന്നു മുതല്‍
വാടാനപ്പള്ളി: ചേറ്റുവ ഹാര്‍ബറിന്റെ സമീപ പ്രദേശങ്ങളില്‍ വ്യാപകമായ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഫോഗിങ് ആരംഭിച്ചു. മെഡിക്കള്‍ ക്യാംപ് ഇന്നു മുതല്‍. ചേറ്റുവ ഹാര്‍ബറിന്റെ സമീപ പ്രദേശങ്ങളില്‍ രണ്ടാഴ്ചക്ക് മുമ്പാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ അമ്പതോളം പേര്‍ക്കാണ് മേഖലയില്‍ ഡെങ്കിപനി ബാധിച്ചിരിക്കുന്നത്. നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കവെ ഹാര്‍ബറിലെ ശുചിത്വമില്ലായ്മയെ കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മത്സ്യ തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നതാണ്. മത്സ്യം കയറ്റിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് കെട്ടികിടക്കുന്ന മലിനജലം പകര്‍ച്ചാവ്യാധി ഭീഷണി ഉയര്‍ത്തുന്നതായും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ടാഴ്ചക്ക് മുമ്പ് ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിരോധ നടപടി എടുക്കാത്ത ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉദാസീനതയാണ് പനി വ്യാപകമാക്കാന്‍ ഇടവരുത്തിയതെന്ന് ആക്ഷേപമുണ്ട്. മലിനജലം ഹാര്‍ബറിലെ കാനയില്‍ തന്നെ കെട്ടികിടന്ന് കൊതുകുകള്‍ പെറ്റുപെരുകുവാന്‍ ഇടവരുത്തുകയായിരുന്നു. ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് പുറമേ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പടെയുള്ള പ്രദേശവാസികള്‍ക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഹാര്‍ബറിന് സമീപം ഓട്ടോ തൊഴിലാളിക്കാണ് ആദ്യം ഡെങ്കിപനി ബാധിച്ചത്. ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ചയായി എങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഹാര്‍ബറിലെ ഓട്ടോ സ്റ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്കും ഡെങ്കിപനി പിടിപ്പെട്ടു. ഹാര്‍ബറിലെ കയറ്റിറക്ക് തൊഴിലാളികള്‍, കാന്റീന്‍ ജീവനക്കാര്‍ തുടങ്ങിയവരും ഡെങ്കിപനി ബാധിച്ചവരില്‍പെടുന്നു. തൃശൂര്‍, ഒളരി, ചേറ്റുവ, പൊക്കുളങ്ങര എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഡെങ്കിപനി ബാധിച്ചവര്‍ ചികിത്സ തേടിയിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ സുഭാഷിണി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍ എന്നിവര്‍ ഹാര്‍ബറില്‍ സന്ദര്‍ശനം നടത്തി. ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികകളുടെ ഭാഗമായി അടുത്ത ദിവസം സ്ഥലത്ത് സിറ്റിങ്ങും തുടര്‍ന്ന് മേഖലയില്‍ ഫോഗിങ്ങും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."