HOME
DETAILS

ഇവര്‍ പൂളക്കുന്ന് കോളനിക്കാരുടെ സ്വന്തം കണ്ണന്‍മാര്‍

  
backup
May 27 2016 | 22:05 PM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%95

മേപ്പാടി: എരുമക്കൊല്ലി പൂളക്കുന്ന് കാട്ടുനായിക്ക കോളനിയില്‍ വിരുന്നെത്തിയ രണ്ട് വേഴാമ്പലുകള്‍ കോളനിക്കാരുടെ ചങ്ങാതിമാരായി. വംശനാശ ഭീഷണി നേരിടുന്ന കോഴി വേഴാമ്പല്‍ ഇനത്തില്‍പ്പെട്ട ഒരു ആണ്‍ പക്ഷിയും ഒരു പെണ്‍ പക്ഷിയുമാണ് പൂളക്കുന്നുകാരുടെ പ്രിയപ്പെട്ട ചങ്ങാതിമാര്‍. ഒരു വര്‍ഷം മുന്‍പ് ആദ്യം ഒരു വേഴാമ്പല്‍ വന്നു. അതിനെ ജാനകിയെന്ന് കോളനിക്കാര്‍ പേരിട്ടു. വളര്‍ത്തിയെങ്കിലും നാല് മാസത്തിന് ശേഷം ജാനകിയെ കാണാതായി.
പിന്നെ ആറുമാസങ്ങള്‍ക്കുശേഷം മറ്റു രണ്ടു വേഴാമ്പലുകള്‍ കൂടി വിരുന്നെത്തി. നാട്ടുകാര്‍ ഇവര്‍ക്ക് കണ്ണനെന്ന് പേരിട്ടു. ഈ കണ്ണന്‍മാരാണ് കോളനിക്കാരുടെ ഇപ്പോഴത്തെ പ്രിയപ്പെട്ട ചങ്ങാതിമാര്‍. എന്നും രാവിലെ ആറോടെ കോളനിയിലെത്തുന്ന പക്ഷികള്‍ കോളനിക്കാര്‍ നല്‍കുന്ന എന്തും ഭക്ഷിക്കും.
ചോറും ഞാവല്‍ പഴവുമാണ് കോളനിക്കാര്‍ കാര്യമായി തീറ്റയായി കൊടുക്കുന്നത്. കോളനിയിലെ കോഴികളോടും പൂച്ചയോടുമൊക്കെ ചങ്ങാത്തത്തിലാണ് വേഴാമ്പലുകള്‍. പട്ടികള്‍ പോലും കോളനിക്കാരുടെ പ്രിയപ്പെട്ട ചങ്ങാതിമാരെ ഉപദ്രവിക്കാറില്ല. കണ്ണന്‍മാരെ എന്നു വിളിച്ചാല്‍ തികഞ്ഞ അനുസരണയോടെയാണിവരെത്തുന്നത്. വൈകുന്നേരമായാല്‍ പറന്നു പോവുന്ന വേഴാമ്പലുകള്‍ പിന്നെ പിറ്റേദിവസം പുലര്‍ച്ചെയാണെത്തുന്നത്. ഈ പതിവിന് ഇതുവരെ മുടക്കം വന്നിട്ടില്ലന്ന് കോളനിക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."