റേഷന്‍ താറുമാറായത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചമൂലം: ജോണി നെല്ലൂര്‍
തൊടുപുഴ: റേഷന്‍ വിതരണം, രാഷ്ട്രീയ കൊലപാതകങ്ങള്‍, വിലകയറ്റം ഉള്‍പ്പടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മൗനം നടിച്ച് മുന്നോട്ട് പോകുന്ന പിണറായി വിജയന്‍, മുഖ്യമന്ത്രിസ്ഥാനം മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് മാറി നില്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് ( ജേക്കബ് ) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്രം തന്ന അരി ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് റേഷന്‍ വിതരണം താറുമാറാക്കാന്‍ കാരണം. അരി വിഹിതം വെട്ടിക്കുറച്ച ബി.ജെ.പി നടപടിയുടെ ആക്കം കൂട്ടുന്നതായിരുന്നു ലഭിച്ച അരിയുടെ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പാളിച്ച. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുള്‍പ്പടെ നാലു പേര്‍ കൊല്ലപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ പിണറായി വിജയനായില്ല.
അത്തരത്തിലുള്ള മുഖ്യമന്ത്രിയെങ്ങനെയാണ് കേരളത്തിലെ ജനങ്ങളാകെ രക്ഷിക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് പറഞ്ഞ് ഭരണം തുടങ്ങിയ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ 65 ഓളം ഫയലുകളാണ് ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയത്താല്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത്. ഭരണ വീഴ്ച മറയ്ക്കുന്നതിന് സി.പി.എം - സി.പി.എം മന്ത്രിമാര്‍ പരസ്പരം കഴിവുകെട്ടവരെന്ന് പഴിചാരി കാലം കഴിക്കുകയാണ്.
പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന കെ.എം മാണിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഐക്യം ഇനിയും അടഞ്ഞ അധ്യായമല്ല.
അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ മാര്‍ട്ടിന്‍ മാണി, ഷാഹുല്‍ പള്ളത്തുറമ്പില്‍, ബിജു ഐക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."