കാഞ്ഞങ്ങാട് നിയന്ത്രണം വിട്ട കാര്‍ ആളുകള്‍ക്കിടയിലേക്ക് കയറി വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ ബസില്‍ കയറുന്നവര്‍ക്കിടയിലേക്ക് ഇരച്ചു കയറിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പള്ളിക്കര ചേറ്റുക്കുണ്ട് കടപ്പുറത്ത് താമസിക്കുന്ന സി.എച്ച് അബ്ദുല്‍ ഖാദറിന്റെ ഭാര്യ കുഞ്ഞാസ്യയാണ് (65) മരിച്ചത്.
ഇവരെ മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മറ്റു നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരേയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷംസാദ് (40), അച്ചാലി (40), ബേബി എന്നീ സ്ത്രീകളെയും ബാലകൃഷ്ണന്‍ എന്നിവരെയുമാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ ഷാജഹാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 3.30 ഓടെ കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാന പാതയിലെ ചേറ്റുകുണ്ട് കവലയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 14 എല്‍ 6314 നമ്പര്‍ റിട്‌സ് കാറാണ് നിയന്ത്രം വിട്ടു ബസ് കയറുകയായിരുന്നു ആളുകള്‍ക്കിടയിലേക്കു ഇരച്ചു കയറിയത്.
കാഞ്ഞങ്ങാട്ടുനിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ചേറ്റുകുണ്ടില്‍ നിര്‍ത്തിയപ്പോള്‍ ബസില്‍ കയറാന്‍ എത്തിയ ആളുകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ബസില്‍ കയറുകയായിരുന്ന സ്ത്രീകളെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇതിനുശേഷം കാസര്‍കോട് ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബൈക്കിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു. ട്രാഫിക് നിയമം ലംഘിച്ച് കാര്‍ അമിത വേഗതയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഹസന്‍,കുഞ്ഞബ്ദുല്ല,മുഹമ്മദ്,ഇല്ല്യാസ്,ഫാത്തിമ,നിസാര്‍,ലത്വീഫ്,ഇജാസ് എന്നിവരാണ് കുഞ്ഞാസ്യയുടെ മക്കള്‍. മരുമകന്‍;അബ്ദുല്‍ ഖാദര്‍,സഹോദരി സൈനബ.
കുഞ്ഞാസിയയുടെ മൃതദേഹം മംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ഖബറടക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പിന്നീട് പൊലിസ്,ആര്‍.ടി.ഒ എന്നിവരെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഈ പാതയില്‍ അപകടത്തില്‍പ്പെട്ട എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മുന്‍ ജില്ലാ സെക്രട്ടറി മാഹിന്‍ കേളോട്ട് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഈ പാതയില്‍ വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.
കെ.എസ്.ടി.പി നേതൃത്വത്തില്‍ ഈ ഭാഗത്തെ പാത നവീകരിച്ചതോടെയാണ് പാതയില്‍ അപകട പരമ്പര തുടങ്ങിയത്. പാതയില്‍ ഡിവൈഡര്‍ ഇല്ലാത്തതും വാഹനങ്ങളുടെ അമിത വേഗതയും ഈ പാത കുരുതിക്കളമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."