മലബാറിന്റെ 'ട്രെയിന്‍ വിപ്ലവം' നടന്നത് ആ ഭരണത്തില്‍
നിലമ്പൂര്‍: വിദേശകാര്യ മന്ത്രിയാകുമ്പോള്‍ രാജ്യാന്തരതലത്തില്‍ തിളങ്ങിനിന്ന ഇ. അഹമ്മദ്, റെയില്‍വേ സഹമന്ത്രിയായപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ മിന്നുംതാരമാകുകയായിരുന്നു. കേരളത്തിലേക്കും വിശിഷ്യാ മലബാറിലേക്കും കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച അദ്ദേഹം, നിലവിലെ ട്രെയിനുകള്‍ക്കു വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ്പനുവദിച്ചു ജനമനസില്‍ കുടിയേറുകയും ചെയ്തു.
റെയില്‍വേ സഹമന്ത്രിയായിരിക്കെ കഷ്ടിച്ച് 20 മാസമേ ആ വകുപ്പില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും പുതിയതും നീട്ടിയതും ഉള്‍പ്പെടെ 20 വണ്ടികള്‍ കേരളത്തില്‍ തുടങ്ങിയത് ഇ. അഹമ്മദിന്റെ കാലത്തായിരുന്നു. പാലക്കാട് കോച്ച് ഫാക്ടറിക്ക് അന്തിമ അനുമതി, തിരുവനന്തപുരം വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ്, ആലപ്പുഴ വാഗണ്‍ ഫാക്ടറി പ്രഖ്യാപനം എന്നിവ നടത്തി. ജനപ്രിയ വണ്ടികളായ രാജ്യറാണി, ജനശതാബ്ദി, ഏറനാട്, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, അജ്മീര്‍ മരുസാഗര്‍, രാത്രി 7.30ന് ഷൊറണൂര്‍ വിടുന്ന നിലമ്പൂര്‍ പാസഞ്ചറുമൊക്കെ ഇ. അഹമ്മദിന്റെ സംഭാവനകളാണ്. നിലമ്പൂര്‍ പാതയിലെ പുതിയ വണ്ടികള്‍ക്കും സൗകര്യങ്ങള്‍ കൂട്ടുന്നതിനുംവേണ്ടിയുള്ള അപേക്ഷകള്‍ അനുഭാവപൂര്‍വം പരിഗണിച്ചു. അതിന്റെ ഫലമായാണ് മലയോര വാസികള്‍ക്ക് ആര്‍.സി.സി ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്കും തലസ്ഥാന നഗരിയിലേക്കുമുള്ള നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി വന്നത്.
നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയ്ക്കുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും വാദിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പുതിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍, അങ്ങാടിപ്പുറത്തും നിലമ്പൂരും സ്റ്റേഷന്‍ വികസന പദ്ധതികള്‍, അങ്ങാടിപ്പുറം-മലപ്പുറം-കോഴിക്കോട് റെയില്‍വേ ലൈന്‍ സര്‍വേ എന്നിവയ്ക്കും അദ്ദേഹത്തിന്റെ പരിശ്രമം ഏറെയുണ്ടായി. ഒരുപക്ഷേ, കൂടുതല്‍ കാലം ആ പദവിയില്‍ ഉണ്ടായിരുന്നെങ്കില്‍ അങ്ങാടിപ്പുറം-മലപ്പുറം-കോഴിക്കോട് പാത, നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍കോട് പാത, കുലുക്കല്ലൂര്‍ മേലാറ്റൂര്‍ ക്രോസിങ് സ്റ്റേഷനുകള്‍ എന്നീ ആവശ്യങ്ങളും സാക്ഷാല്‍ക്കരിക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."