ഇ. അഹമ്മദ്: വിജയത്തുടര്‍ച്ചയുടെ വികസന ശില്‍പി
മഞ്ചേരി: ഇ. അഹമ്മദ് എം.പി അന്തരിച്ചിരിക്കുന്നു. മികച്ച പാര്‍ലമെന്റേറിയനും നേതാവുമായ അദ്ദേഹം കൂടുതലും അറിയപ്പെടുന്നതു തെരഞ്ഞെടുപ്പ് വിജയങ്ങളിലും വികസന മുന്നേറ്റങ്ങളിലും മുന്നില്‍നിന്ന ജനകീയ നേതാവെന്ന നിലയ്ക്കാണ്.
മഞ്ചേരി മണ്ഡലമാണ് തെരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് ഇ. അഹമ്മദിനെ നയിച്ചുകൊണ്ടുപോയത്. തുടരെയുള്ള വിജയങ്ങള്‍ കാരണം അഹമ്മദ് മഞ്ചേരിയിലെ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. കേന്ദ്രമന്ത്രിയും ദേശീയ നേതാവുമായി വിരാജിക്കുമ്പോഴും മണ്ഡലത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. മഞ്ചേരി എഫ്.എം റേഡിയോ നിലയം, മെഡിക്കല്‍ കോളജ്, പയ്യനാട് സ്റ്റേഡിയം തുടങ്ങിയ വികസന കുതിപ്പിലെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.
1991ല്‍ ഇടതു സ്വതന്ത്രന്‍ പ്രൊഫ. വി. വേണുഗോപാലിനെ 89,323 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ചേരിയിലെ അഹമ്മദിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു തുടക്കംകുറിക്കുന്നത്. 1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.എച്ച് ആഷിഖിനെ 54,971 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1998ല്‍ അഡ്വ. കെ.വി സ്വലാഹുദ്ദീനെ 1,06,009 വോട്ടുകള്‍ക്കും 1999ല്‍ ഐ.ടി നജീബിനെ 1,23,411 വോട്ടുകള്‍ക്കും പരാജയപ്പെടുത്തിയതോടെ വിജയം അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായി.
2004ല്‍ പൊന്നാനി മണ്ഡലത്തിലേക്ക് മാറിയെങ്കിലും 2009ല്‍ മലപ്പുറമായി മാറിയ പഴയ മഞ്ചേരിമണ്ഡലത്തില്‍നിന്നുതന്നെ വീണ്ടും പോരാട്ടം തുടര്‍ന്നു, വിജയവും. തെരഞ്ഞെടുപ്പ് മത്സരങ്ങളിലെല്ലാം പതിനായിരവും ലക്ഷങ്ങളും കടന്നുള്ള അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഫലപ്രഖ്യാപനത്തിനു മുന്‍പേതന്നെ എതിരാളികളും അനുയായികളും ഒരുപോലെ ഉറപ്പിക്കുമായിരുന്നു. ഏറ്റവുമവസാനം 2014ല്‍ മലപ്പുറം മണ്ഡലത്തില്‍നിന്നു 1,94,739 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതു ജനസ്വീകാര്യതയുടെ മികച്ച ഉദാഹരണമായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ്, പയ്യനാട് സ്റ്റേഡിയം, മണ്ഡലത്തിനകത്തെ വിവിധ സ്‌കൂള്‍-കോളജ് കെട്ടിടങ്ങള്‍, റോഡുകള്‍ തുടങ്ങി മഞ്ചേരിയിലെ നഗര, ഗ്രാമങ്ങളിലെ വികസനങ്ങളെ പ്രത്യേക ഫണ്ടുകള്‍ അനുവദിച്ചു ഹരിതാഭമാക്കിയതിലും അദ്ദേഹത്തിലെ മിടുക്കു തെളിഞ്ഞുകിടക്കുന്നു. മലപ്പുറം ജില്ലയുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഒരുപാട് പങ്കുവഹിച്ച ആ കണ്ണൂര്‍ക്കാരന്‍ ഇനി ഓര്‍മകളിലേക്കു പിന്‍വാങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."