ഗജവീരന്മാര്‍ക്ക് എരണ്ട കെട്ടിനുള്ള മരുന്ന് രുചിച്ച് നോക്കിയ പാപ്പാന്മാര്‍ പിടിച്ചത് ആനയോളം വലിയ പുലിവാല്
വടക്കാഞ്ചേരി : ഗജവീരന്മാര്‍ക്ക് എരണ്ട കെട്ട് പിടിപ്പെട്ടാല്‍ നല്‍കുന്ന ഗുളികയുടെ രുചി അറിയാന്‍ ശ്രമിച്ച പാപ്പാന്മാര്‍ പിടിച്ചത് ആനയോളം വലിയ പുലിവാല്.ഗുളിക അകത്ത് ചെന്ന ഉടന്‍ മൂന്ന് പാപ്പാന്മാര്‍ വാഴ വെട്ടിയിട്ട പോലെ മലര്‍ന്നടിച്ച് വീണത് വലിയ പരിഭ്രാന്തിയായി നാട്ടുകാര്‍ ചേര്‍ന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാപ്പാന്മാര്‍ വിദഗ്ദ ചികിത്സക്ക് ശേഷമാണ് സ്വബോധത്തിലേക്ക് മടങ്ങിയത്.
ബോധം കിട്ടിയ ഉടന്‍ തങ്ങളെ വിട്ടയക്കണമെന്നായി പാപ്പാന്മാര്‍ പേര് പോലും പറയാന്‍ ഇവര്‍ തയ്യാറായില്ല. ഉത്സവ സീസണാണ് വരുന്നതെന്നും പുലിവാലുണ്ടാക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ആരോഗ്യം വീണ്ടെടുത്ത പാപ്പാന്മാരെ വിട്ടയക്കുകയും ചെയ്തു. കുന്നത്തങ്ങാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗജവീരന്റെ പാപ്പാന്മാരാണ് വലിയ കെണിയില്‍ പെട്ടത്. എരണ്ട കെട്ട് ബാധിച്ച ആനയ്ക്ക് ആയുര്‍വ്വേദ മരുന്ന് തയ്യാറാക്കുന്നതിനിടയിലാണ് രസകരമായ സംഭവ വികാസത്തിന്റെ തുടക്കം. ആദ്യം രുചിച്ച് നോക്കിയ പാപ്പാന്‍ മറ്റുള്ളവരെ വിളിച്ച് വരുത്തി രുചി മഹത്വം ബോധ്യപ്പെടുത്തി മരുന്ന് നല്‍കുകയായിരുന്നു. എന്തായാലും ആന മരുന്നിന്റെ വീര്യം അറിഞ്ഞ പാപ്പാന്മാര്‍ ഇനി ഇങ്ങനെ ചതിയില്‍ പെടില്ലെന്ന പ്രതിജ്ഞ എടുത്താണ് ആശുപത്രി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."