ഇനി ഓര്‍മകളുടെ ഫ്രെയിമില്‍..
കോഴിക്കോട്: ഒരുപാട് തവണ ഇ. അഹമ്മദ് സാഹിബിനൊപ്പം യാത്ര ചെയ്യാനുള്ള അവസരം ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ എനിക്കു ലഭിച്ചിരുന്നു. അതില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മയാണ് പത്തുദിവസം നീണ്ടുനിന്ന ട്രെയിന്‍ യാത്ര. ജനങ്ങളുടെ പ്രയാസങ്ങള്‍ നേരിട്ടു മനസിലാക്കാനായി ഇന്ത്യയിലാദ്യമായി ഒരു മന്ത്രി നടത്തുന്ന ട്രെയിന്‍ യാത്രയുമായിരുന്നു അത്. 10 ദിവസം നീണ്ടുനിന്ന യാത്രയ്ക്ക് റെയില്‍-ജനസമ്പര്‍ക്ക യാത്ര എന്നായിരുന്നു അഹമ്മദ് സാഹിബ് പേരിട്ടിരുന്നത്.
നാലു ബോഗികളുള്ള ട്രെയിനിന്റെ ഏറ്റവും പിറകിലെ ബോഗി മുന്‍ഭാഗം ഗ്ലാസുകൊണ്ട് അലങ്കരിച്ച് യാത്രയിലുടനീളം ജനങ്ങള്‍ക്കു കാണാന്‍ സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരുന്നത്. 10 ദിവസവും അഹമ്മദ് സാഹിബിന്റെ താമസവും ഭക്ഷണവും വിശ്രമവുമെല്ലാം ട്രെയിനില്‍ തന്നെയായിരുന്നു. ജനങ്ങളുടെ പരാതികളെല്ലാം ശാന്തമായി കേട്ട്, അവരോട് കുശലം പറഞ്ഞ്, ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കി അദ്ദേഹം യാത്രയില്‍ എല്ലാവരുടെയും പ്രിയങ്കരനായി. മംഗലാപുരത്തു നിന്നാരംഭിച്ചത് മുതല്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലേയും ജനപ്രതിനിധികളും ട്രെയിനില്‍ കയറും. അവരുടെ കൂടി സാന്നിധ്യത്തിലായിരുന്ന അതാത് മണ്ഡലങ്ങളിലെ പരാതികള്‍ സ്വീകരിച്ചിരുന്നത്. ഓരോ സ്ഥലത്തും ആയിരക്കണക്കിനാളുകള്‍ പ്രായഭേദമന്യേ ഹാരവും ബൊക്കെയും തലപ്പാവുമൊക്കെയായി അഹമ്മദ് സാഹിബിനെ സ്വീകരിക്കാന്‍ കാത്തുനിന്നിരുന്നു.
യാത്ര ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ഒരു ബോഗി നിറയെ പരാതികളുടേയും പുറത്ത് റെയില്‍വേ സ്റ്റേഷന്‍ നിറയെ ജനങ്ങളുടേയും പ്രളയമായിരുന്നു. ട്രെയിന്‍ യാത്ര സമാപിച്ചപ്പോഴേക്കും യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ ഒരു നേതാവ് എങ്ങനെയാണ് ഇടപെടേണ്ടതെന്ന് കൂടി അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ മനസ്സിലാക്കിത്തന്നിരുന്നു. ഏറ്റവുമൊടുവില്‍ ജനുവരി ആറിന് മുതലക്കുളം മൈതാനിയില്‍ നടന്ന മുസ്‌ലിം ലീഗിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും അദ്ദേഹവുമായി പഴയ ഓര്‍മകള്‍ പുതുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."