ചാണകം സ്വീകരിക്കാതിരുന്നാല്‍ കൈ വാസനിക്കില്ല
''ഗുരോ, എനിക്ക് ഓഫിസില്‍ പോകാനേ കഴിയുന്നില്ല. സഹപ്രവര്‍ത്തകരുടെ ചീത്ത വാക്കുകളും പരിഹാസങ്ങളും എന്നില്‍ വല്ലാത്ത മാനസികപ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്താണ് ഞാനിനി ചെയ്യേണ്ടത്. ജോലി രാജിവയ്ക്കണോ അതോ സഹിച്ചു മുന്നോട്ടുപോകണോ...'' ഉദ്യോഗസ്ഥനായ ശിഷ്യന്‍ ഗുരുവിനോട് തന്റെ സങ്കടം പങ്കുവച്ചു.
ഗുരു ആദ്യമാദ്യം ഒന്നും പ്രതികരിച്ചില്ല. അല്‍പനേരം മൗനത്തിലാണ്ടു. ശേഷം അദ്ദേഹത്തോട് പറഞ്ഞു: ''നീ അല്‍പം ചാണകം എടുത്തുകൊണ്ടു വാ.. അതു പൊതിയിലോ സഞ്ചിയിലോ ആക്കരുത്. കൈയിലെടുത്തുതന്നെ കൊണ്ടുവരണം..''
ഗുരു പറഞ്ഞതല്ലേ. അദ്ദേഹം ചെന്നു. തൊഴുത്തില്‍നിന്ന് കൈയോടെ അല്‍പം ചാണകം വാരി. അതുമായി ഗുരുവിനെ സമീപിച്ചു.
''ഇതാ അങ്ങു പറഞ്ഞ ചാണകം..''
ഗുരു പക്ഷെ, അതു വാങ്ങിയില്ല. എന്തോ പന്തികേടുള്ളപോലെ. അല്‍പനേരം കഴിഞ്ഞു വീണ്ടും പറഞ്ഞു: ''ഗുരോ, ചാണകം ഇതാ.''
ഗുരു അപ്പോഴും വാങ്ങിയില്ല. മൂന്നാമതും പറഞ്ഞപ്പോള്‍ ഗുരു പറഞ്ഞു: ''നീ അതു പുറത്തുപോയി കളഞ്ഞിട്ടു വാ..''
ശിക്ഷ്യന്‍ പുറത്തുപോയി ചാണകം കളഞ്ഞിട്ടുവന്നു.
ഗുരു പറഞ്ഞു: ''ഇപ്പോള്‍ നീ നിന്റെ കൈ വാസനിച്ചുനോക്കൂ..''
വാസനിച്ചുനോക്കി. വല്ലാത്ത ദുര്‍ഗന്ധം..!
''എന്തു തോന്നുന്നു...?'' ഗുരു ചോദിച്ചു.
''ചാണകം വാസനിക്കുന്നു..''
''എങ്കില്‍ എന്റെ കൈ വാസനിച്ചുനോക്കൂ..''
അയാള്‍ ഗുരുവിന്റെ കൈ വാസനിച്ചുനോക്കി. എന്നിട്ടു തലയുയര്‍ത്തി.
ഗുരു ചോദിച്ചു: ''എന്തു തോന്നുന്നു..''
''സുഗന്ധം വാസനിക്കുന്നു..''
''ചാണകം വാസനിക്കുന്നുണ്ടോ...?''
''ഇല്ല.''
''എന്തുകൊണ്ടാണ് നിന്റെ കൈ മാത്രം അതു വാസനിക്കുന്നത്..''
''ഞാന്‍ മാത്രമല്ലേ ചാണകം സ്പര്‍ശിച്ചത്. അങ്ങ് അതു വാങ്ങിയിട്ടില്ലല്ലോ..''
''അപ്പോള്‍ നീ ചെയ്യേണ്ടത് ഇതാണ്.''
ഇതു പറഞ്ഞ് ഗുരു വിശദീകരിച്ചു: ''സഹപ്രവര്‍ത്തകര്‍ നിന്നെ ചീത്തവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുവെങ്കില്‍ അവരങ്ങനെ ചെയ്യട്ടെ; അതു നീ സ്വീകരിക്കാതിരുന്നാല്‍ മതി. സ്വീകരിക്കുമ്പോഴാണ് അതിന്റെ ദുര്‍ഗന്ധം നിന്നെ അലോസരപ്പെടുത്തുക. സ്വീകരിക്കാതിരുന്നാല്‍ അവര്‍ക്കു മാത്രമേ ദുര്‍ഗന്ധമുണ്ടാകൂ..''
കിട്ടുന്നതെല്ലാം വാങ്ങിവയ്ക്കണമെന്ന് ആരാണു നമ്മോട് പറഞ്ഞത്...? വേണ്ടാ എന്നു പറയാനും വേണ്ടേ ചങ്കൂറ്റം.. സൗജന്യമായി കിട്ടുന്നതാണെന്നു കരുതി കണ്ണില്‍ കണ്ടതെല്ലാം സ്വീകരിക്കണമെന്നുണ്ടോ..?
നല്ലത് സൗജന്യമായി കിട്ടാന്‍ പ്രയാസമാണെങ്കില്‍ ഒരു മുതല്‍മുടക്കുമില്ലാതെ, ഒരു പ്രത്യുപകാരവും മോഹിക്കാതെ ഒരാള്‍ നമുക്കു നല്‍കുന്നതാണ് തെറിയഭിഷേകങ്ങളും കുത്തുവാക്കുകളുമെല്ലാം. സൗജന്യമായി കിട്ടുന്നതാണെന്നു കരുതി അതു സ്വീകരിക്കാന്‍ നിന്നാല്‍ അപകടം ചെയ്യും.
നിങ്ങളെ നോക്കി കഴുത മുരണ്ടാല്‍ നിങ്ങള്‍ക്കു പ്രശ്‌നമില്ല. കാരണം, നിങ്ങളതു സ്വീകരിക്കുന്നില്ല. നിങ്ങള്‍ക്കെതിരേ ഒരു ഭ്രാന്തന്‍ കര്‍ണകഠോരമായ വാഗ്ശരങ്ങള്‍ തൊടുത്തുവിട്ടാല്‍ അയാള്‍ക്കെതിരേ നിങ്ങള്‍ നിയമനടപടിക്കു നില്‍ക്കില്ല. അതു നിങ്ങള്‍ സ്വീകരിക്കുന്നില്ലെന്നതാണു കാരണം. എന്നാല്‍ ബുദ്ധിമോശമില്ലാത്തവര്‍ നിങ്ങള്‍ക്കെതിരേ എന്തെങ്കിലും പറഞ്ഞെന്നിരിക്കട്ടെ.. അതിനെ ഏറ്റെടുക്കാതിരുന്നാല്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ സംഭവിക്കുമോ...?
ചാണകം സ്വീകരിച്ചാല്‍ ദാതാവിന്റെ കൈകള്‍ മലിനമായ പോലെ നിങ്ങളുടെ കൈകളും മലിനമാകും. തെറി സ്വീകരിച്ചാല്‍ പറഞ്ഞവന്റെ മനം മലിനമായപോലെ നിങ്ങളുടെ മനവും മലിനമാകാന്‍ തുടങ്ങും. അവഗണിച്ചുതള്ളിയാല്‍ നിങ്ങളുടെ പരിശുദ്ധിക്കൊരു കോട്ടവും തട്ടില്ല. മൃഗീയഭാഷയില്‍ സംസാരിക്കുന്നവനോട് മാനവികഭാഷയില്‍ പ്രതികരിച്ചാല്‍ ആളുകള്‍ നിങ്ങള്‍ക്കായിരിക്കും പിന്തുണ തരിക. നേരെമറിച്ച്, അയാളെ പോലെ നിങ്ങളും മാനവികഭാഷവിട്ട് മൃഗീയഭാഷ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ രണ്ടുപേരും പരാജയപ്പെടും. ആര്‍ക്കും ആരെക്കാളും മികവ് പറയാനുണ്ടാവില്ല.
മാലിന്യം വച്ചുനീട്ടുന്നവനെ കണ്ടാല്‍ ഒന്നുകില്‍ അതുവേണ്ടെന്നു പറഞ്ഞ് കൈ ശുദ്ധമാക്കിക്കൊടുക്കുക. അല്ലെങ്കില്‍ അവഗണിച്ചുതള്ളുക. ഒരിക്കലും അതു സ്വീകരിച്ച് കൈ മലിനമാക്കരുത്. തിന്മ പറയുന്നവനെ കണ്ടാല്‍ നന്മയോടെ പ്രതികരിക്കുക. അല്ലെങ്കില്‍ കേള്‍ക്കാത്ത ഭാവം നടിക്കുക. ഒരിക്കലും അതു സ്വീകരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."