രണ്ട് സംസ്ഥാനങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്
പനാജി/ചണ്ഡീഗഡ്: ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാലിന് നടക്കാനിരിക്കെ ഇന്നലെ വൈകിട്ടോടെ പ്രചാരണം അവസാനിച്ചു. ഇന്ന് മുതല്‍ നിശബ്ദ പ്രചാരണമാണ് രണ്ട് സംസ്ഥാനങ്ങളിലും നടക്കുന്നത്. പ്രചാരണ രംഗത്ത് കൊണ്ടും കൊടുത്തും അടക്കിവാണ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും വോട്ടര്‍മാരുടെ മനസിലിരിപ്പ് എന്തെന്ന് വ്യക്തമാകുന്നതുവരെ ആശങ്കയിലാണ്.
എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സാമ്പിള്‍ വെടിക്കെട്ടാണ് യഥാര്‍ഥത്തില്‍ നാലിന് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. നേരത്തെ പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടിയെന്ന് അവകാശപ്പെട്ട ബി.ജെ.പിയും സഖ്യകക്ഷികളും തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കടുത്ത ആശങ്കയിലാണ്.
ഗോവയിലും പഞ്ചാബിലും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടികളും ഉയര്‍ത്തുന്ന വെല്ലുവിളികളേക്കാള്‍ ഗുരുതരമാണ് പാര്‍ട്ടിയില്‍ പാളയത്തില്‍ പട രൂപം കൊണ്ടത്. പ്രധാമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രതിഫലനവും ഇരു സംസ്ഥാനങ്ങളില്‍ പ്രകടമായേക്കുമെന്ന ആശങ്കയും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കറെ തള്ളി ഗോവയുടെ സംരക്ഷകനായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ ചൂണ്ടിക്കാണിച്ചതോടെ ഗോവയില്‍ പാര്‍ട്ടിയില്‍ വലിയതോതിലുള്ള കിടമത്സരത്തിനാണ് വേദിയായത്. പര്‍സേക്കറാകട്ടെ തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന വാദം ഉയര്‍ത്തി രംഗത്തെത്തിയത് സംസ്ഥാന ബി.ജെ.പിയില്‍ കടുത്ത വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്ന സൂചനയാണ് നല്‍കിയത്. ഇതിനിടയില്‍ ആര്‍.എസ്.എസില്‍ നിന്ന് പുറത്താക്കിയ സുഭാഷ് വെലിങ്കറുടെ പാര്‍ട്ടിയായ ഗോവ സുരക്ഷാ മഞ്ചും, മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി), ശിവസേന എന്നിവര്‍ സഖ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ബി.ജെ.പിയുടെ കാല്‍കീഴിലെ മണ്ണ് ഒലിച്ചുപോകാന്‍ ഇടയാക്കുമെന്ന ആശങ്ക അവര്‍ക്കുണ്ട്.
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തികളായി മാറിയതോടെ ബി.ജെ.പി ഏത് രീതിയില്‍ ഇതിനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് നേതാക്കള്‍. യഥാര്‍ഥത്തില്‍ ബി.ജെ.പിക്കെതിരേ ബി.ജെ.പി നടത്തുന്ന യുദ്ധമാണ് ഗോവ തെരഞ്ഞെടുപ്പെന്നാണ് ശിവസേനാ അധ്യക്ഷന്‍ സുദീപ് തെഹന്‍കര്‍ പറഞ്ഞത്.
പഞ്ചാബില്‍ ജീവന്മരണ പോരാട്ടമാണ് മത്സര രംഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും മത്സരിക്കുമ്പോള്‍ ബി.ജെ.പിയും ശിരോമണി അകാലിദളും സഖ്യത്തോടെയാണ് മത്സരിക്കുന്നത്. നിലവിലുള്ള അകാലിദള്‍-ബി.ജെ.പി സര്‍ക്കാരിനെതിരേ ഉയര്‍ന്ന കടുത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും അനുകൂല ഘടകമാകുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി തുടരുന്ന അകാലിദള്‍-ബി.ജെ.പി സര്‍ക്കാരിന് ഇത്തവണ ഭരണം നിലനിര്‍ത്താനാകുമോയെന്നതാണ് പഞ്ചാബില്‍ നിന്നുയരുന്ന ചോദ്യം. ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന്റേയും നവ്‌ജ്യോത് സിങ് സിദ്ദുവിന്റേയും വ്യക്തിപ്രഭാവം പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണത്തിലേറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതിനിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശനം കോണ്‍ഗ്രസിനു മാത്രമല്ല അകാലിദള്‍-ബി.ജെ.പി സംഖ്യത്തിനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്നലെ വൈകിട്ട് അഞ്ചിന് പ്രചാരണം അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മുന്‍പുള്ള മണിക്കൂറുകള്‍ ഓരോ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. ഭരണം പിടിച്ചെടുക്കുകയെന്നത് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനും മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബിര്‍ സിങ് ബാദലിനും അഭിമാന പ്രശ്‌നം കൂടിയാണ്. കാരണം സംസ്ഥാനത്തെ ആഭ്യന്തര രംഗത്തുള്ള വീഴ്ചയെ സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണം മറികടക്കാന്‍ അധികാരം നേടുകയെന്നത് ഇവര്‍ക്ക് അനിവാര്യതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."