സംസ്ഥാന നേതൃത്വം തടയിട്ടു; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം നായനാര്‍ അക്കാദമിക്ക് പുറത്ത്
കണ്ണൂര്‍: സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ നഗരത്തിലെ നിര്‍ദിഷ്ട ഇ.കെ നായനാര്‍ അക്കാദമിയില്‍ സി.പി.എം ജില്ലാ സമ്മേളനം നടത്താനുള്ള തീരുമാനത്തിന് സംസ്ഥാന നേതൃത്വം തടയിട്ടു. ഈ മാസം 27 മുതല്‍ 29 വരെ കണ്‍ടോണ്‍മെന്റ് ഏരിയയിലെ പയ്യാമ്പലം ഗസ്റ്റ്് ഹൗസ് റോഡിലുള്ള നിര്‍ദ്ദിഷ്ട ഇ.കെ നായനാര്‍ അക്കാദമി ഹാളില്‍ സമ്മേളനം നടക്കുമെന്നായിരുന്നു ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സമ്മേളനം അക്കാദമിക്ക് പുറത്ത് പ്രത്യേക പന്തല്‍ ഒരുക്കി നടത്താനാണ് ഇപ്പോള്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഈ മാസം തന്നെ ഇ.കെ നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം നടത്തി ആദ്യ പരിപാടിയായി പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തിന് അക്കാദമിയില്‍ ചരിത്രമെഴുതി കൊണ്ട്് കൊടി ഉയരുമെന്നായിരുന്നു ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് സംസ്ഥാന നേതൃത്വം തടയിട്ടതോടെ പി ജയരാജന്‍ -സംസ്ഥാന നേതൃത്വം ഭിന്നതയുടെ രൂക്ഷത ഒന്നുകൂടി വ്യക്തമാക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷം അവസാനം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷിക ദിനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെ പണിപൂര്‍ത്തിയാകാത്ത ഇ.കെ. നായനാര്‍ അക്കാദമിയില്‍ പി ജയരാജന്‍ കൊടി ഉയര്‍ത്തിയതാണ് ഇപ്പോള്‍ സമ്മേളനത്തിനു പോലും അക്കാദമി അനുവദിച്ചുകിട്ടാത്തതിന് പിന്നിലെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള അക്കാദമിയില്‍ കൊടി ഉയര്‍ത്തിയതും ജില്ലാ സമ്മേളനം ഇവിടെ വച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതും പാര്‍ട്ടിയില്‍ വിവാദമായിരുന്നു. കൊടി ഉയര്‍ത്തികൊണ്ട് ജയരാജന്‍ നടത്തിയ പ്രസംഗത്തില്‍ 'തന്റെ സ്വപ്‌നമായിരുന്നു ഇതെന്ന് ' പറഞ്ഞതുമാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ച് കമ്മിറ്റികളും പോളിറ്റ് ബ്യൂറോയും വരെ ഒറ്റക്കെട്ടായി പ്രാര്‍ത്തിച്ചിട്ടാണ് 18 കോടി രൂപ സമാഹരിക്കാനും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് പാര്‍ട്ടിയുടെ അഭിമാന സ്തംഭമായേക്കാവുന്ന ഇ.കെ നായനാര്‍ അക്കാദമി സ്ഥാപിക്കാന്‍ കഴിഞ്ഞതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിനെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലെ ചിലരുടെ കഴിവുകൊണ്ടാണെന്ന് മാത്രമെന്ന നിലയില്‍ ചിത്രീകരിച്ചതാണ് വിവാദമായത്.
ഇതിനെ തുടര്‍ന്നാണ് ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന വിവാദം പാര്‍ട്ടിയില്‍ ഉണ്ടായതും സംസ്ഥാന സമിതി അച്ചടക്ക നടപടി സ്വീകരിച്ചതും. നായനാര്‍ അക്കാദമിയില്‍ ജയരാജന്‍ ഉയര്‍ത്തിയ ചൊങ്കൊടി അഴിച്ചുമാറ്റിയെങ്കിലും പണി പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം ഉദ്ഘാടനം നീട്ടിവെക്കുന്നതാണ് ഇപ്പോള്‍ ജില്ലാ സമ്മേളന നടത്തിപ്പിനെ ബാധിച്ചിരിക്കുന്നത്.
അതേസമയം പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിലൊഴികെ പിന്നീടൊരിക്കലും ജില്ലാ നേതൃത്വം സമ്മേളനം ഇ.കെ നായനാര്‍ അക്കാദമിയില്‍ നടക്കുമെന്ന് പറയുന്നില്ല. വിവാദമായ സാഹചര്യത്തില്‍ അക്കാദമി സംസ്ഥാന നേതൃത്വം അനുവദിക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക ജില്ലാ നേതൃത്വത്തിനുണ്ടെന്നാണ് ഇത് വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സമ്മേളനം അക്കാദമിക്ക് പുറത്ത് സൗകര്യമൊരുക്കി നടത്താന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനോടും സംസ്ഥാന നേതൃത്വം വിയോജിച്ചാല്‍ സമ്മേളത്തിന് പുതിയ ഇടം കാണേണ്ടി വരുമെന്നതും ജില്ലാ നേതൃത്വത്തിന് ആശങ്കയുളവാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."