നാട്യം സുന്ദരം...
നീലക്കുറിഞ്ഞിയില്‍ അരങ്ങേറിയത് നാട്യത്തിന്റെ സുന്ദര ഭാവങ്ങള്‍. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം വേദിയായ നീലക്കുറിഞ്ഞിയാണ് ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ ഭരതനാട്യത്തിന് സാക്ഷ്യം വഹിച്ചത്. ഭാരതീയനൃത്തങ്ങളില്‍ ഏറെ പ്രാധാന്യമേറിയ ഭരതനാട്യം കാണികള്‍ക്ക് സമ്മാനിച്ചത് വിസ്മയമായിരുന്നു. നൃത്തം, നൃത്യം, നാട്യം തുടങ്ങി മൂന്ന് കലകളില്‍ നാട്യം വേറിട്ടു നില്‍ക്കുന്നു എന്നതും പ്രത്യേകതയാണ്. മെയ് വഴക്കവും, ഐശ്വര്യ മുഖഭാവവും, വിടര്‍ന്ന നയനങ്ങളും ഭരതനാട്യ കലാകാരനോ, കലാകാരിക്കോ വേണ്ട സവിശേഷതകളാണ്.
കരണങ്ങളും മുദ്രകളും പ്രകടിപ്പിക്കാനുള്ള കഴിവ്, താളത്തിനൊത്ത നൃത്തം എന്നിവ ഓരോ മത്സരാര്‍ഥികളിലും വ്യത്യസ്തത പുലര്‍ത്തി. കരണങ്ങളെ ആശ്രയിക്കുന്ന നൃത്തത്തിന്റെ ഭംഗി മത്സരാര്‍ഥികളില്‍ പ്രകടമായിരുന്നു. നവരസങ്ങളുടെ ചാരുത ഓരോരുത്തരുടെയും മുഖഭാവങ്ങള്‍ പ്രകടിപ്പിച്ചു. ആംഗികവും സാത്വികവും തുടങ്ങി അഭിനയ വകഭേധങ്ങള്‍ കാണികള്‍ക്ക് മിഴിവേകി. ഹസ്തമുദ്രകളും പാദഭേദങ്ങളും നാട്യത്തിന്റെ അഴക് വര്‍ധിപ്പിച്ചു. ശിവനെ പൂജിക്കുന്ന ഭക്തനെ കൊല്ലാന്‍ വരുന്ന കാലനെ തട്ടിമാറ്റി തന്റെ ഭക്തനെ രക്ഷിക്കുന്നതും, വാസുകി നാഗം തുടങ്ങിയവ അവതരണങ്ങളായി അരങ്ങേറി. കാണികളുടെ കുറവ് പ്രകടമായിരുന്ന നീലക്കുറിഞ്ഞിലേക്ക് പിന്നീട് കാണികളുടെ വരവ് തുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."