കുഴിബോംബ്: സൈന്യത്തിലെ ആയുധ വിദഗ്ധര്‍ തിങ്കളാഴ്ചയെത്തും
മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയില്‍ കണ്ടെത്തിയ അഞ്ചു കുഴിബോംബുകള്‍ വിശദമായി പരിശോധിക്കുന്നതിനായി സൈന്യത്തിലെ വിദഗ്്ധ സംഘം തിങ്കളാഴ്ചയെത്തും. ബോംബുകള്‍ എവിടെ നിര്‍മിച്ചതാണ്, ഏതുവര്‍ഷം, സൈനിക വിഭാഗം ഉപയോഗിച്ചിരുന്നതാണോ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിക്കുക.
കഴിഞ്ഞ ദിവസം ദേശിയ സുരക്ഷാ സേനയിലെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും നിര്‍വീര്യമാക്കിയിട്ടില്ല. മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ എ.ആര്‍ ക്യാംപില്‍ അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന ബോംബുകള്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷം നിര്‍വീര്യമാക്കിയാല്‍ മതിയെന്നാണ് ഉന്നതതല നിര്‍ദേശം.
പൊലിസിന്റെ പ്രത്യേക സംഘവും സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ പത്തംഗ സംഘമാണ് ജില്ലയിലെത്തിയിട്ടുള്ളത്.
മലപ്പുറം ജില്ലയുടെ ചുമതലയുള്ള പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലിസ് സംഘമാണ് അന്വേഷണം നടത്തുന്നത്. അതീവ ഗൗരവത്തോടെയാണ് അന്വേഷണ വിഭാഗങ്ങളെല്ലാം സംഭവത്തെ കാണുന്നത്. സൈന്യം ഉപയോഗിക്കുന്ന മാരക പ്രഹര ശേഷിയുള്ള ക്ലേമോര്‍ വിഭാഗത്തില്‍പ്പെട്ട ബോംബുകളാണെന്നാണ് പ്രാഥമിക പരിശോധനയില്‍നിന്ന് വ്യക്തമായത്.
ഇത് റിമോട്ട്് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകും. പൊട്ടുന്ന 50 മീറ്റര്‍ ചുറ്റളവില്‍ നാശം വിതക്കാന്‍ ബോംബിനാകും. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വിദഗ്ധ പരിശോധനക്കുശേഷമേ പറയാനാകൂ. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറത്തും പരിസരത്തും പൊലിസും രഹസ്യാന്വേഷണ വിഭാഗവും ബോംബ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തിയിരുന്നു. ബോംബ് നിര്‍വീര്യമാക്കലില്‍ പ്രത്യേക പരിശീലനം നേടിയ സംഘം മലപ്പുറത്ത് ക്യാംപ് ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."