ഊരാളുങ്കല്‍ സൊസൈറ്റിയുടെ 92 ാം വാര്‍ഷികവും കേരള ആത്മവിദ്യാസംഘം ശതാബ്ദിയും
വടകര: കേരളീയ നവോഥാന നായകരില്‍ പ്രമുഖനായ വാഗഭടാനന്ദന് 1917ല്‍ സ്ഥാപിച്ച കേരള ആത്മ വിദ്യാസംഘത്തിന്റെ ശതാബ്ദി ഫെബ്രുവരി 4,5 തിയതികളില്‍ നടക്കും. ജന്മിത്വ ചൂഷണത്തിനും ജാതീയതക്കും ഉച്ചനീചത്വങ്ങള്‍ക്കും ഇരയായി തൊഴിലിടങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അധസ്ഥിതരുടെ ഉന്നമനത്തിനായി 1925ല്‍ സ്ഥാപിച്ച ഊരാളുങ്കല്‍ സൊസൈറ്റിയുടെ 92ാം വാര്‍ഷികവും പ്രഥമ വാഗ്ഭടനാന്ദ പുരസ്കാരവും ശതാബ്ദിയോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മടപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പാലേരി കണാരന് മാസ്റ്റര്‍ നഗറില്‍ 4ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരന് അധ്യക്ഷനാകും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുടെ പ്രഥമ വാഗ്ഭടാനന്ദ പുരസ്കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും. മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായുള്ളതാണ് പുരസ്കാരം. പ്രശസ്ത കവി പ്രഭാവര്‍മ്മ അധ്യക്ഷനായുള്ള ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് നിര്‍മിച്ച വാഗ്ഭടാനന്ദന്റെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. പത്മശ്രീ ജേതാവ് മീനാക്ഷി ഗുരിക്കളെ ചടങ്ങില്‍ ആദരിക്കും. ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ആത്മവിദ്യാസംഘം അംഗങ്ങളുടെയും സൊസൈറ്റി തൊഴിലാളികളുടെയും കുടംബസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, ടി.പി രാമകൃഷ്ണന്, എ.കെ ശശീന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് പാലേരി രമേശന്, കേരള ആത്മവിദ്യാസംഘം ജനറല്‍സെക്രട്ടറി പി.വി കുമാരന് മാസ്റ്റര്‍, മധു മടപ്പള്ളി, സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ഷാജു എസ്, പി.പി രാജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."