ലക്ഷ്മിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു
ഹരിപ്പാട്: കോട്ടയം എസ്.എം.ഇ കോളേജില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫിസിയോ തെറാപ്പി ക്ലാസില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ പൊള്ളലേറ്റ് മരണമടഞ്ഞ ചിങ്ങോലി ശങ്കരമംഗലത്ത് കെ ലക്ഷ്മി (21) യുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവളായിരുന്ന ലക്ഷ്മിയുടെ വേര്‍പാട് നാടിന് നൊമ്പരമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം ചിങ്ങോലിയിലെ വസതിയില്‍ എത്തിച്ചത്.
നൂറ്കണക്കിന് ആളുകളാണ് മൃതദേഹം കാണാന്‍ തടിച്ചുകൂടിയത്. മൃതദേഹത്തിനരികില്‍ വാവിട്ട് കരഞ്ഞ മാതാപിതാക്കള്‍ ഏവരുടെയും കണ്ണുകളെ ഈറന്‍ അണിയിച്ചു.
വീട്ടിനുള്ളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധി ആളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
വൈകിട്ട് മൂന്ന് മണിയോടെ സഹോദരന്‍ ശങ്കരനാരായണന്‍ ലക്ഷ്മിയുടെ ചിതയ്ക്ക് തീകൊളുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലക്ഷ്മിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."