ഫൈസാബാദിലെ നിറസാന്നിധ്യമായ ഇ. അഹമ്മദ്
പട്ടിക്കാട്: സമസ്തയുടെ കീഴിലുള്ള ഉന്നത മതപഠന കേന്ദ്രമായ ഫൈസാബാദ് ജാമിഅ നൂരിയ്യയുടെ അടുത്ത അഭ്യൂദയകാംക്ഷികളിലൊരാളായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റും എം.പിയുമായ ഇ അഹമ്മദ്. ദീര്‍ഘകാലം ജാമിഅ നൂരിയ്യ വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായിരുന്നു അദ്ദേഹം. വര്‍ഷവന്തോറും നടക്കുന്ന ജാമിഅയുടെ സനദ്ദാന സമ്മേളനങ്ങളില്‍ നിറസാനിധ്യമായെത്താറുള്ള അഹമ്മദ് ആദര്‍ശകുടുംബത്തിന്റെ ഒത്തുചേരലുകളില്‍ കരുത്തുറ്റ പ്രഭാഷണം നിര്‍വഹിച്ചാണ് മടങ്ങാറുള്ളത്.
മുസ്‌ലിം ലോകത്തിന്റെ സാഹചര്യങ്ങളും ജാമിഅ നൂരിയ്യയുടെ ദൗത്യം സമുദായത്തിനു നല്‍കുന്ന നേതൃബോധവും സമസ്ത നിര്‍വഹിക്കുന്ന ചരിത്രദൗത്യവും ഊന്നിയായിരുന്നു ഓരോ പ്രഭാഷണങ്ങളും. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളില്‍ അദ്ദേഹത്തിനു അനാരോഗ്യം കാരണം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പ്രസിഡന്റായിരുന്ന സി കോയക്കുട്ടി മുസ്‌ലിയാരും അവസാനമായി പങ്കെടുത്ത 2015ലെ സമ്മേളനമായിരുന്നു ഇ അഹമ്മദും അവസാനമായി പങ്കെടുത്ത സമ്മേളനം.
ജാമിഅ സമ്മേളനങ്ങളില്‍ വിദേശപ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേക താത്പര്യമെടുത്തു. വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നയതന്ത്ര പ്രതിനിധികളെ ഫൈസാബാദിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജനുവരിയില്‍ നടന്ന ഈ വര്‍ഷത്തെ സനദ് ദാന സമ്മേളനത്തിനു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പങ്കെടുപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇതിനായി മന്‍മോഹന്‍സിങ്ങിന്റെ വസതിയിലെത്തുകയും അഹമ്മദ് തന്നെ നേരിട്ട് അദ്ദേഹത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാലാണ് നടക്കാതെ പോയത്. ജാമിഅയുടെ കീഴിലുള്ള വേങ്ങൂര്‍ എം.ഇ.എ എന്‍ജിനീയറിങ് കോളജ് ഡയക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. ജാമിഅ നൂരിയ്യയുടെ കീഴില്‍ ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ ആവിഷ്‌കരിച്ച ബഹുമുഖ പദ്ധതികളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാമിഅ നൂരിയ്യ ലക്ഷ്യമിടുന്ന നാഷനല്‍ മിഷന്‍ പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലും ദേശീയ രംഗത്ത് അവ ശ്രദ്ധേയമാക്കുന്നതിലും ഇ അഹമ്മദ് പ്രത്യേക താല്‍പര്യമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."