വിശ്വാസത്തിന് കാവലൊരുക്കുക
ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപമാണ് അഹ്‌ലുസ്സുന്ന വല്‍ ജമാഅ എന്ന പേരില്‍ അറിയപ്പെടുന്നത്. അതാണ് നബിതിരുമേനി(സ) പഠിപ്പിച്ച യഥാര്‍ഥ മതം. ആ വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ വിജയിക്കുകയും അല്ലാത്തവര്‍ പരാജയപ്പെടുകയും ചെയ്യുന്നു. കേവല വിശ്വാസം കൊണ്ടായില്ല, യഥാര്‍ഥ വിശ്വാസം കൊണ്ടേ വിജയം കൈവരിക്കാനാകൂ എന്ന് പ്രവാചകര്‍(സ) പഠിപ്പിച്ച് തരുന്നു.
വിശുദ്ധ ഖുര്‍ആന്‍ ആറാം അധ്യായം 153ാം സൂക്തം സ്വഹാബത്തിന് വിശദീകരിക്കുന്ന വേളയില്‍ തിരുനബി(സ) നീളത്തില്‍ ഒരു നേര്‍ രേഖ വരച്ചു. നേര്‍രേഖയുടെ ഇരു വശങ്ങളിലും അതിന് ലംബമായി ഏതാനും വരകളും വരച്ചു. മധ്യത്തിലുള്ള നേര്‍രേഖയിലേക്ക് ചൂണ്ടിക്കൊണ്ട് തിരുനബി(സ) പറഞ്ഞു: ഇത് നിന്റെ രക്ഷിതാവിന്റെ നേര്‍വഴി. അതിന്റെ ഇരു വശങ്ങളിലുമുള്ളത് മറ്റു പിഴച്ച വഴികളാണ്. ആ വഴികളിലൊക്കെ ഓരോ പിശാചുക്കളുണ്ട്. അവര്‍ പ്രസ്തുത വഴികളിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കും(തഫ്‌സീറുത്വബരി).
ഭാവിയില്‍ മുസ്‌ലിംകളിലുണ്ടായ വിശ്വാസപരമായ ഭിന്നിപ്പിനെക്കുറിച്ച് തിരുനബി(സ) മുന്‍കൂട്ടി നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്: 'ജൂതന്മാര്‍ എഴുപത്തിഒന്നോ എഴുപത്തി രണ്ടോ വിഭാഗങ്ങളായി ഭിന്നിച്ചു. ക്രിസ്ത്യാനികളും അപ്രകാരം ഭിന്നിച്ചിട്ടുണ്ട്. എന്റെ സമൂഹം എഴുപത്തിമൂന്ന് വിഭാഗങ്ങളായി ചേരിതിരിയുന്നതാണ്' (തിര്‍മുദി2640).
സ്വര്‍ഗം പ്രാപിക്കുന്ന വിജയികള്‍ ആരാണെന്നും തിരുനബി(സ) വിശദീകരിച്ചിട്ടുണ്ട്. 'ഞാനും എന്റെ സ്വഹാബത്തും വിശ്വസിക്കുന്ന വിശ്വാസക്കാരും അനുഷ്ഠിക്കുന്ന അനുഷ്ഠാനക്കാരുമാണവര്‍'(തിര്‍മുദി2641). തിരുനബിചര്യയുടെയും സ്വഹാബി സമൂഹത്തിന്റെയും ആളുകള്‍ എന്ന അര്‍ഥത്തില്‍ പറയപ്പെടുന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തുകാരാണ് പ്രസ്തുത വിജയികള്‍.
കേരളത്തിന്റെ പൈതൃക പാത
തിരുനബി(സ) ജീവിച്ചിരുന്ന കാലത്തുതന്നെ ഇസ്‌ലാം കടന്നുവന്നിട്ടുണ്ട് കേരളത്തില്‍. സ്വഹാബികളില്‍നിന്ന് നേരിട്ട് മതം പഠിച്ചവരായതിനാല്‍ വക്രീകരണ ചിന്തകള്‍ക്ക് ഇവിടെ ഇടം കിട്ടിയില്ല. തിരുനബി(സ) അഭ്യസിപ്പിച്ച വിശ്വാസങ്ങള്‍ സ്വഹാബത്തിലൂടെ പഠിച്ച് ഉള്‍ക്കൊണ്ടാണ് കേരള മുസ്‌ലിംകള്‍ പരമ്പരാഗതമായി സ്വീകരിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പല നവീന ചിന്താധാരകളും ഉടലെടുത്തപ്പോള്‍ അതൊന്നും കേരളത്തില്‍ ഏശിയില്ല. പണ്ഡിതന്മാരുടെ ധീരമായ ഇടപെടലാണ് ഇതിന് കാരണം.
ഹിജ്‌റയുടെ 13,14 നൂറ്റാണ്ടുകളില്‍ (ക്രിസ്തു വര്‍ഷം 19,20 നൂറ്റാണ്ടുകള്‍) ജീവിച്ച പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനും പ്രവാചക പ്രേമിയും സുന്നത്തു ജമാഅത്തിന്റെ ആശയാദര്‍ശങ്ങളെ തനതു ശൈലിയില്‍ നിലനിര്‍ത്തുന്നതില്‍ അക്ഷീണയത്‌നം നടത്തിയ നവോത്ഥാന നായകനുമായിരുന്നു അല്ലാമാ യൂസുഫുന്നബ്ഹാനി(റ).അദ്ദേഹത്തില്‍ നിന്നു മതം പഠിച്ച കട്ടിലശ്ശേരി ആലിമുസ്‌ലിയാരും ശിഷ്യന്മാരും ബിദ്അത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. മഖ്ദൂമി പാരമ്പര്യത്തില്‍ നീങ്ങുന്ന കേരളത്തില്‍ ബിദ്അത്തിന്റെ പ്രചാരണത്തിനായി വക്കം മൗലവിയുടെ നേതൃത്വത്തില്‍ നീക്കം നടന്നപ്പോള്‍ റശീദ് രിദയുടെ ഗ്രന്ഥങ്ങളെ പ്രതിരോധിക്കാന്‍ യൂസുഫുന്നബ്ഹാനിയുടെ ഗ്രന്ഥങ്ങള്‍ മൊയ്തീന്‍ ഹാജിയെ പോലുള്ള മഹത്തുക്കള്‍ പ്രചരിപ്പിച്ചു. നബ്ഹാനിയുടെ ജാമിഉ കറാമാത്തില്‍ ഔലിയാഅ്, ശവാഹിദുല്‍ ഹഖ് ഫില്‍ ഇസ്തിഗാസത്തി ബി സയ്യിദില്‍ ഖല്‍ഖ്, അല്‍ഖസ്വീദത്തുര്‍റാഇയ്യത്തുല്‍ കുബ്‌റാ ഫീ വസ്വ ്ഫില്‍ ഉമ്മത്തില്‍ ഇസ്‌ലാമിയ്യത്തി വല്‍ മിലലില്‍ ഉഖ്‌റാ, അല്‍ഖസ്വീദത്തുര്‍റാഇയ്യത്തുസ്വുഹ്‌റാ ഫീ ദമ്മില്‍ ബിദ്അത്തി വ അഹ്‌ലിഹാ വ മദ്ഹിസ്സുന്നത്തില്‍ ഗര്‍റാ തുടങ്ങിയവ ഉദാഹരണം.
അദ്ദേഹം ജീവിച്ച ഹി. 13, 14 നൂറ്റാണ്ടുകളില്‍ മുജദ്ദിദുകള്‍ എന്ന വ്യാജേന ബിദ്അത്തിന്റെ ആശയങ്ങള്‍ സമൂഹത്തിനിടയില്‍ വിതച്ചത് മൂന്നുപേരായിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദ. ഇവരില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ പോലും പുത്തന്‍വാദങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കുന്നത്. വഹാബി ആശയത്തിന് വിത്തിറക്കിയ വക്കം മൗലവിയെ പറ്റി വഹാബി നേതാവായിരുന്ന സീതീ സാഹിബ് എഴുതുന്നു: 'സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ് റിദയുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന 'അല്‍മനാറി'ന്റെ ഒരു വായനക്കാരനായിരുന്നു(വക്കം) മൗലവി സാഹിബ്. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ഈജിപ്തിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിദ മുതലായ സച്ചരിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൗലവി സാഹിബ് ആയിരുന്നു. വളരെ മുമ്പ് മുതല്‍ തന്നെ അല്‍മനാറിന്റെ ഒരു വായനക്കാരനും ഒരു മുസ്‌ലിമുമായിരുന്നു പരേതനായ അറക്കല്‍ മൗലവി സ്വാഹിബ്'.
അല്‍ മനാറിന്റെ ആശയങ്ങളെ തന്റെ തൂലികയിലൂടെ നബ്ഹാനി കശക്കിയെറിഞ്ഞു. രശീദ് റിദയെ കുറിച്ച് അദ്ദേഹത്തിന്റെ റാഇയ്യത്തു സ്സുഗ്‌റയില്‍ പറയുന്നു: 'വ അമ്മാ റശീദു ദുല്‍ മനാരി ഫ ഇന്നഹു അഖല്ലഹും അഖ്‌ലന്‍ വ അക്‌സറുഹും ശര്‍റാ(അല്‍മനാറുകാരനായ റശീദ് റിദാ ബുദ്ധി കുറഞ്ഞവനും നാശം വര്‍ധിച്ചവനുമാണ്).' ഇത്തരം പണ്ഡിതരുടെ പൈതൃകക്കാരാണ് ഊര്‍ജസ്വലതയോടെ ഉയിര്‍ക്കൊണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ സംഘടിച്ചത്. നബ്ഹാനിയും വരക്കല്‍ തങ്ങളും ഒരേ കാലക്കാരാണ്. രണ്ടുപേരും വഫാത്തായത് എഡി 1932ലാണ്. തൊണ്ണൂറ്റിരണ്ട് വര്‍ഷക്കാലമായി വിശ്വാസികളുടെ കര്‍മവും വിശ്വാസവും കാത്ത് സമസ്ത ആദര്‍ശവിശുദ്ധിയോടെ നിലകൊള്ളുന്നു.
നവീനവാദത്തിന്റെ അപചയം
സലഫിസത്തിന്റെ ഭീകരബാന്ധവം ഇന്ന് ആഗോള ചര്‍ച്ചയാണ്. സുന്നികളെ കാഫിറാക്കി മുദ്രകുത്താനും അവരെ നശിപ്പിക്കാനും ഇബ്‌നു അബ്ദുല്‍ വഹാബും അനുയായികളും കാണിച്ച വ്യഗ്രതയുടെ ദുരന്തമാണ് ഇന്ന് അവര്‍ അനുഭവിക്കുന്നത്. സയ്യിദ് ഖുതുബിന്റെ ഇഖ്‌വാനിസം സ്വാധീനിച്ച് പിറവിയെടുത്ത അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയും ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിദ എന്നിവരുടെ ആദര്‍ശം സ്വീകരിച്ച കേരള നദ്‌വത്തുല്‍ മുജാഹിദീനും അതി തീവ്രആശയങ്ങളാണ് പ്രചരിപ്പിച്ചത്. അതിന്റെ പരിണിത ഫലമാണ് ഇന്ന് അനുഭവിക്കുന്നത്. സമസ്തയുടെ അണികള്‍, വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മക്കള്‍ അത്തരം തീവ്രതകള്‍ക്ക് അതിരിടുകയും യഥാര്‍ഥ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തവരാണ്. അതാണ് തീവ്രവാദാരോപണത്തില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടാത്തത്. ആശയസ്രോതസ്സിന്റെ പ്രസക്തി തന്നെയാണ് ആനുകാലിക വര്‍ത്തമാനങ്ങള്‍ വിളിച്ചോതുന്നത്.
കര്‍മശാസ്ത്രപരമായി നാലാലൊരു മദ്ഹബും വിശ്വാസപരമായി അശ്അരി,മാതുരീദി സരണിയും അനുസരിച്ചാണ് മുസ്‌ലിം ലോകത്തെ മഹാഭൂരിപക്ഷവും ജീവിക്കുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ഓരോരുത്തരുടേയും പരിമിതമായ വിജ്ഞാനത്തിനനുസരിച്ച് മതം വ്യാഖ്യാനിക്കാന്‍ അനുമതി നല്‍കിയതാണ് വഹാബിസം അനുഭവിക്കുന്ന പ്രതിസന്ധി. ഞാനൊക്കെ സമസ്തയുടെ പ്രവര്‍ത്തനത്തിറങ്ങുന്ന ഘട്ടത്തില്‍ ഉണ്ടായിരുന്ന വഹാബി ആശയങ്ങള്‍ ഇന്നില്ല. നാള്‍ക്കുനാള്‍ മാറിമറിയുന്ന മോഡേണ്‍ തൗഹീദിന്റെ പ്രചാരകരായി മാറുകയാണ് ഈ അഭിനവ മസോണിസ്റ്റുകള്‍.
നവീനവാദികളോടുള്ള സമീപനം
പുത്തന്‍ വാദത്തിനോട് രാജിയാകരുതെന്നും വിശ്വാസദൃഢത അനിവാര്യമാണെന്നും നിരവധി ഹദീസുകളിലൂടെ നബി(സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇര്‍ബാദുബ്‌നു സാരിയത്ത്(റ) പറയുന്നു: 'ഒരു ദിവസം സുബ്ഹി നിസ്‌കാരത്തിന് ശേഷം തിരുനബി(സ) ഞങ്ങളോട് പ്രസംഗിച്ചു. സദസ്സിലുണ്ടായിരുന്നവരെ ശക്തിയായി സ്വാധീനിച്ച പ്രസംഗം നിമിത്തം അവരുടെ ഹൃദയം ഭയന്ന് വിറയ്ക്കുകയും ധാരധാരയായി കണ്ണുനീര്‍ ഒഴുകുകയും ചെയ്തു. 'വിടവാങ്ങല്‍ പ്രസംഗം പോലെയാണ് അത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് അന്തിമോപദേശം (വസ്വിയത്ത്) നല്‍കണം എന്ന് സദസ്സില്‍ നിന്നും ഒരാള്‍ തിരുനബി (സ)യോട് ആവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുക. നീഗ്രോവര്‍ഗക്കാരനായ ഒരു അടിമയാണ് ഭരണാധികാരിയെങ്കില്‍ പോലും അയാളെ അനുസരിക്കണം. എന്റെ മരണാനന്തരം ജീവിക്കുന്നവര്‍ നിരവധി അഭിപ്രായ ഭിന്നതകള്‍ക്ക് സാക്ഷിയാകും. അപ്പോള്‍ എന്റെയും സന്മാര്‍ഗ ദര്‍ശികളായ എന്റെ ഖലീഫമാരുടെയും ചര്യകള്‍ അനുഗമിക്കണം. അണപ്പല്ല് കൊണ്ട് അവ മുറുകെ പിടിക്കണം. പുതിയ ആശയങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ ഉപേക്ഷിക്കണം. കാരണം ദീനിലെ പുതിയ ആശയങ്ങള്‍ (പരിഷ്‌കരണവാദങ്ങള്‍) പിഴച്ചവഴിയാണ്' (ഹാകിംമുസ്തദ്‌റക്). 'അന്ത്യനാള്‍ അടുക്കുമ്പോള്‍ ഒരു വിഭാഗം പ്രത്യക്ഷപ്പെടും. അവര്‍ ദജ്ജാലിനെപ്പോലെ ഇസ്‌ലാമിനെ തകര്‍ക്കാനായി പ്രവര്‍ത്തിക്കുന്നവരും കളവ് പറയുന്നവരുമാണ്. നിങ്ങളും നിങ്ങളുടെ പൂര്‍വികരും കേട്ടിട്ടില്ലാത്ത വാദങ്ങളാണ് അവര്‍ പ്രചരിപ്പിക്കുക. നിങ്ങള്‍ അവരെ സൂക്ഷിക്കണം. അവരെ അനുകരിച്ച് നിങ്ങള്‍ വഴിപിഴയ്ക്കുകയോ ആപത്തില്‍ അകപ്പെടുകയോ ചെയ്യരുത്' (മുസ്‌ലിം7).
ഹുദൈഫത്തുബ്‌നുല്‍ യമാനിയില്‍ നിന്നുള്ള പ്രശസ്ത ഹദീസ് ഇങ്ങനെ: 'വിശുദ്ധ ഇസ്‌ലാമിന്റെ വ്യാപനമാകുന്ന നന്മയ്ക്ക് ശേഷം വല്ല വിപത്തും വരാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അവിടുന്ന് പറഞ്ഞു: 'അതിന് ശേഷം വിപത്തുണ്ട്. നരകത്തിന്റെ കവാടങ്ങളിലേക്ക് ക്ഷണിക്കുന്നവരാണാവിപത്ത്. അവരെ അനുകരിക്കുന്നവര്‍ നരകത്തിലേക്കാണെത്തുക.' അവരുടെ ലക്ഷണങ്ങള്‍ എന്താണെന്ന് ഹുദൈഫ(റ) ചോദിച്ചു. നബി(സ) പറഞ്ഞു: 'അവര്‍ നമ്മുടെ വര്‍ഗക്കാരാണ്. അവര്‍ നമ്മുടെ ഭാഷയിലാണ് സംസാരിക്കുക.' അത്തരക്കാരെ കണ്ടാല്‍ ഞാന്‍ എന്ത് ചെയ്യാനാണ് അങ്ങ് കല്‍പിക്കുന്നത്? അദ്ദേഹം ചോദിച്ചു. പ്രവാചകര്‍(സ) പറഞ്ഞു: 'പൊതുമുസ്‌ലിം സമൂഹത്തോടൊപ്പം നില്‍ക്കുകയും അവരുടെ ഇമാമിനെ അനുസരിക്കുകയും ചെയ്യുക.' 'ബിദ്അത്തിന്റെ വ്യാപനം നിമിത്തം മുസ്‌ലിംകളുടെ പൊതുസമൂഹവും ഇമാമും നിലവിലില്ലെങ്കിലോ'. അദ്ദേഹം വീണ്ടും ചോദിച്ചു. തിരുനബി(സ) പറഞ്ഞു: 'എങ്കില്‍ മറ്റൊരു വിഭാഗക്കാരുടെയും കക്ഷിയില്‍ ചേരരുത്. ഇസ്‌ലാമാകുന്ന വൃക്ഷത്തിന്റെ മുരടില്‍ കടിച്ച് പിടിച്ച് മരിച്ചാലും മറ്റ് കക്ഷികളോടൊപ്പം ചേരരുത്' (ബുഖാരി,മുസ്‌ലിം,ഇബ്‌നുമാജ).
ഈ നിലപാട് തന്നെയാണ് ഇസ്‌ലാമിന്റെ തനദ് രൂപമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വീകരിച്ചിട്ടുള്ളത്. മുസ്‌ലിംകളുടെ പൊതു നന്മ ഉദ്ദേശിച്ചുള്ള കൂട്ടായ്മകളുടെ മറവില്‍ ആദര്‍ശവ്യതിയാനം അടിച്ചേല്‍പിക്കുന്നതും അതിന് വശംവദരാകുന്നതും അംഗീകരിക്കാനാകില്ല.
സമസ്ത ആദര്‍ശ കാംപയിന്‍ ജനുവരി മുതല്‍ മെയ് മാസം വരെ ആചരിക്കുന്നത് ഈ സത്യ സന്ദേശത്തിന്റെ പ്രചാരണത്തിനാണ്. അതിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മലപ്പുറം കൂരിയാട് വച്ച് നടക്കുകയാണ്. സുന്നത്ത് ജമാഅത്തിന്റെ മുഴുവന്‍ പ്രവര്‍ത്തകരും അതിന്റെ പ്രചാരകരാകണമെന്നും കാംപയിന്‍ ഉദ്ഘാടന മഹാസമ്മേളനം വന്‍വിജയമാക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."