കൊച്ചുവേളി-ബിക്കാനീര്‍ എക്‌സ്പ്രസിലും ഇനി ആധുനിക കോച്ചുകള്‍
കോഴിക്കോട്: കൂടുതല്‍ സുരക്ഷയുള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി) കോച്ചുമായി ഇനി കൊച്ചുവേളി-ബിക്കാനീര്‍ എക്‌സ്പ്രസും. കൊച്ചുവേളി-ബിക്കാനീര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസാണ് ആധുനിക എല്‍.എച്ച്.ബി കോച്ചുമായി ഓടുക. 18ന് കൊച്ചുവേളിയില്‍ നിന്നാണ് പുതിയ കോച്ചുകളുമായുള്ള ആദ്യ സര്‍വിസ് ആരംഭിക്കുക. 21ന് ബിക്കാനീറില്‍ നിന്നും കൊച്ചുവേളിയിലേക്കും ആദ്യ സര്‍വിസ് നടത്തും.
അപകടത്തില്‍പെട്ടാലും കോച്ചുകള്‍ മറിയില്ലെന്നാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന എല്‍.എച്ച്.ബി കോച്ചുകളുടെ പ്രത്യേകത. സുരക്ഷയ്ക്കു പുറമെ കൂടുതല്‍ യാത്രാസുഖം നല്‍കുന്ന ഇത്തരം കോച്ചുകള്‍ നിലവില്‍ രാജധാനി, തുരന്തോ തുടങ്ങിയ ട്രെയിനുകളില്‍ മാത്രമാണ് ഈയടുത്ത് വരെ ഉണ്ടായിരുന്നത്. ജനുവരി 19 മുതല്‍ തിരുവനന്തപുരത്തു നിന്നുള്ള 12624ാം നമ്പര്‍ ചെന്നൈ മെയിലും ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചാണ് സര്‍വിസ് നടത്തുന്നത്.
പാളം തെറ്റിയാലോ കൂട്ടിയിടിച്ചാലോ ഒരു കോച്ച് മറ്റൊരു കോച്ചിനു മുകളില്‍ ഇടിച്ചുകയറാത്ത വിധം ലോക്ക് സംവിധാനവും ഇവയ്ക്കുണ്ട്.
സ്റ്റീലില്‍ നിര്‍മിച്ച കോച്ചുകളുടെ ഉള്‍ഭാഗത്ത് അലൂമിനിയം ഉപയോഗിച്ചതിനാല്‍ തീപിടുത്തത്തെ പ്രതിരോധിക്കാമെന്നതും എല്‍.എച്ച്.ബി കോച്ചുകളുടെ പ്രത്യേകതയാണ്. സാധാരണ കോച്ചുകള്‍ക്ക് ഒരുകോടി മുതല്‍ ഒന്നേകാല്‍ കോടി വരെ നിര്‍മാണച്ചെലവ് വരുമ്പോള്‍ ഒരു എല്‍.എച്ച്.ബി കോച്ച് നിര്‍മിക്കാന്‍ ഒന്നരക്കോടിയിലധികം വരും.
ആക്‌സിലുമായി ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ വഴിയാണ് ആവശ്യമായി വരുന്ന വൈദ്യുതി സാധാരണ കോച്ചുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ എല്‍.എച്ച്.ബി കോച്ചുകള്‍ക്ക് ഇത്തരം സംവിധാനം ഇല്ലാത്തതിനാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഓരോ ട്രെയിനിലും രണ്ട് ഇലക്ട്രിക് കാറുകള്‍ ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."