എഫ്.കപ്പ്: ആഴ്സണല്‍ നാണംകെട്ട് പുറത്ത്
ലണ്ടന്‍: സമീപകാലത്ത് ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്ന് അരങ്ങേറിയപ്പോള്‍ എഫ്.എ കപ്പില്‍ നിന്ന് നിലവിലെ ചാംപ്യന്മാരായ ആഴ്സണല്‍ പുറത്ത്. രണ്ടാം ഡിവിഷന് ടീം നോട്ടിങ്ഹാം ഫോറസ്റ്റിനോട് രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പീരങ്കിപ്പടയ്ക്ക് തല കുനിച്ച് പുറത്ത് പോകേണ്ടി വന്നത്.
വിലക്കിനെ തുടര്‍ന്ന് ആഴ്സന്‍ വെങര്‍ കാഴ്ചക്കാരനായി നിന്ന പോരാട്ടത്തില്‍ മുന്‍നിര താരങ്ങളെ മാറ്റിനിര്‍ത്തി ഇറങ്ങിയ ആഴ്സണലിന്റെ നീക്കം വന്‍ പരാജയമായി മാറുകയായിരുന്നു. നോട്ടിങ്ഹാമിനായി ലിച്ചജ് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു. കളിയുടെ 20ാം മിനുട്ടില്‍ ലിച്ചജിലൂടെ നോട്ടിങ്ഹാമാണ് ലീഡെടുത്തത്. എന്നാല്‍ മെര്‍റ്റെസാക്കര്‍ ആഴ്സണലിനെ ഒപ്പമെത്തിച്ചു.
44ാം മിനുട്ടില്‍ ലിച്ചജ് വീണ്ടും സ്കോര്‍ ചെയ്ത് നോട്ടിങ്ഹാമിനെ മുന്നില്‍ കടത്തി. 64ാം മിനുട്ടില്‍ നോട്ടിങ്ഹാമിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ബ്രെര്ടന് പന്ത് വലയിലാക്കി ലീഡുയര്‍ത്തി. 79ാം മിനുട്ടില്‍ ഡാനി വെല്‍ബെക്കിലൂടെ ആഴ്സണല്‍ ലീഡ് കുറച്ചെങ്കിലും 85ാം മിനുട്ടില്‍ മറ്റൊരു പെനാല്‍റ്റി കൂടി ലഭിച്ചതോടെ അതും ഗോളാക്കി മാറ്റി നോട്ടിങ്ഹാം മത്സരം സ്വന്തമാക്കുകയായിരുന്നു.
റയലിന് സമനില
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിലനിര്‍ത്താമെന്ന റയല്‍ മാഡ്രിഡിന്റെ മോഹം കൂടുതല്‍ വിദൂരതയിലാക്കി ടീമിന് സമനില. സ്വന്തം തട്ടകത്തില്‍ നിലവിലെ ചാംപ്യന്മാരെ സെല്‍റ്റ വിഗോ 2-2ന് സമനിലയില്‍ തളയ്ക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ലീഡെടുത്തത് സെല്റ്റയായിരുന്നു. എന്നാല്‍ രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ വലയിലാക്കി ഗെരത് ബെയ്ല് റയലിനെ മുന്നില്‍ കടത്തി. മത്സരം അവര്‍ വിജയിക്കുമെന്ന് തോന്നിപ്പിച്ച് മുന്നേറവേ 82ാം മിനുട്ടില്‍ സെല്‍റ്റ സമനില ഗോള്‍ സ്വന്തമാക്കുകയായിരുന്നു. 32 പോയിന്റുമായി നാലാം സ്ഥാനത്ത് നില്ക്കുന്ന റയലിന്റെ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം 16ആയി ഉയര്‍ന്നു. 48 പോയിന്റുമായി കറ്റാലന്‍ പട ഒന്നാം സ്ഥാനത്ത്.
ചര്‍ച്ചിലിന്
ആശ്വാസ സമനില
ഷില്ലോങ്: ഐ ലീഗില്‍ ഷില്ലോങ് ലജോങ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് സ്വന്തം തട്ടകത്തില്‍ കരുത്തരായ ഈസ്റ്റ് ബംഗാളുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ചില്‍ ആശ്വാസ സമനില സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."