സഊദിക്ക് പിന്തുണയുമായി അമേരിക്ക; വിദേശകാര്യ മന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നു
റിയാദ്: തീവ്രവാദ നീക്കങ്ങളില്‍ സഊദി അറേബ്യക്ക് പിന്തുണയുമായി അമേരിക്ക. വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് യെമനിലും മധ്യപൗരസ്ത്യ ദേശങ്ങളിലും സഊദി നടത്തുന്ന നീക്കങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പിന്തുണ അറിയിച്ചത്.
വാഷിംഗ്ടണിലെത്തിയ വിദേശകാര്യ മന്ത്രി ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായും ചര്‍ച്ച നടത്തി. കൂടാതെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുത്റസ്സുമായും കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര വിഷയങ്ങളും മധ്യപൗരസ്ത്യ മേഖലയിലെ സുരക്ഷയും ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സെക്രട്ടറി ജനറലിനുള്ള സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ സന്ദേശവും ആദില്‍ അല്‍ജുബൈര്‍ കൈമാറി. യെമനിലെ വിമത, വിഘടന വാദികള്‍ക്ക് ആയുധം നല്‍കുന്നത് ഉള്‍പ്പെടെ ഇറാന് മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
മേഖല നേരടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ സഊദി യു.എന്നിനോടൊപ്പമുണ്ടായിരിക്കുമെന്നും സിറിയ, യെമന്‍ പ്രശ്നങ്ങളുടെ പരിഹാരം ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഇരുവരും പറഞ്ഞു.
സഊദി, അമേരിക്കന്‍ സൗഹൃദവും നയതന്ത്ര ബന്ധവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രി ന്യൂയോര്‍ക്കും വാഷിങ്ടണും സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."