യുവതിയുടെ മരണം; പേയാട് ക്ലീനാക്കല്‍ യജ്ഞത്തിന് തുടക്കം
മലയിന്‍കീഴ്: ഗതാഗതകുരുക്കും അനധികൃത കൈയേറ്റവും കാരണം അപകടം നിത്യമായ പേയാട് ജങ്ഷനില്‍ ഇന്നലെ നടന്ന യുവതിയുടെ ദാരുണ അന്ത്യം അധികൃതരുടെ കണ്ണ് തുറപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ജങ്ഷന്‍ ക്ലീനാക്കാനുള്ള ശ്രമം ആരംഭിച്ചു. പൊലിസും വിളപ്പില്‍ ഗ്രാമപഞ്ചായത്തും വിളവൂര്‍ക്കല്‍ പഞ്ചായത്തും വ്യാപാര സമൂഹവും സംയുക്തമായാണ് കരുക്ക് ഒഴിവാക്കാന്‍ പണി തുടങ്ങിയിരിക്കുന്നത്.
ഇന്നലെ പേയാട് ജങ്ഷനില്‍ വച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിനി നിധിസുകു ബസിനടിയില്‍പ്പെട്ട് മരിച്ചത്. കുരുക്കില്‍ അകപ്പെട്ട നിധി കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ടാണ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചത്. പേയാട് ഒരാഴ്ച്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകട മരണമാണിത്. ഇന്നലത്തെ സംഭവത്തോടെ വിളപ്പില്‍ പഞ്ചായത്ത് കുരുക്കിനെതിരേ നടപടി എടുക്കാന്‍ തീരുമാനിക്കുകയും പൊലിസിന്റെ സഹായത്തോടെ രാവിലെ തന്നെ പണി തുടങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നത്.
റോഡില്‍ ഇറക്കി കെട്ടിയിരിക്കുന്നവ പൊളിച്ചു മാറ്റുകയാണ്. ജങ്ഷനില്‍ കെട്ടിനിറുത്തിയിരിക്കുന്ന ഫള്ക്‌സുകളും ബാനറുകളും എല്ലാം എടുത്തു മാറ്റി. ഇലക്ട്രിക് പോസ്റ്റുകളും ടെലിഫോണ്‍ പോസ്റ്റുകളും സ്ഥാപിച്ചിരിക്കുന്നത് റോഡിലാണ്. ഇതും എടുത്തു മാറ്റുന്നുണ്ട്.
റോഡിന്റെ നടുവിലാണ് നിരവധി കൊടിമരങ്ങളും സ്തൂപങ്ങളും നില്‍ക്കുന്നത്. ഇതും പൊളിച്ചു മാറ്റും. റോഡില്‍ അനധികൃതമായി കെട്ടിയ ഭാഗങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു. ഇതിനിടെ പ്രതിഷേധവുമായി വ്യാപാരികള്‍ എത്തിയെങ്കിലും പൊലിസ് എത്തി അവരെ നീക്കി. വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടക്കമുള്ളവരാണ് നേതൃത്വം നല്‍കുന്നത്. പൊളിച്ചുമാറ്റല്‍ കുണ്ടമണ്‍കടവ് വരെ നീളും. തീര്‍ത്തും അപകട നിലയിലായി കിടക്കുന്ന പേയാട് പള്ളിമുക്ക് റോഡ് നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് അഭ്യര്‍ഥിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇവിടെ കുണ്ടും കുഴികളുമായി കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."