ഞങ്ങള്‍ക്കും വഴി നടക്കണം, പ്ലീസ്
'മുഖ്യമന്ത്രി വധിക്കപ്പെടു'മെന്ന മെസേജ് കുറച്ചുദിവസം മുമ്പ് വന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന വാര്‍ത്ത കണ്ടു. പിന്നീട് പത്രങ്ങളില്‍ വായിച്ചു അയല്‍വാസിയെ കുടുക്കാന്‍ ശത്രു ചെയ്ത പണിയായിരുന്നു ആ സന്ദേശമെന്ന്. എന്നിട്ടും, ആ മെസേജിന്റെ പേരില്‍ കൂട്ടിയ സുരക്ഷ കുറച്ചതായി എവിടെയും കണ്ടില്ല.
മുഖ്യമന്ത്രിക്കു സുരക്ഷ കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതു സാധാരണ ജനങ്ങളെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയുന്നുണ്ടോ? നാലു മാസം മുമ്പ് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുണ്ടായിരുന്നു. മുഖ്യമന്ത്രിയാണ് അവിടെ എന്നൊന്നും എനിക്കറിയില്ലായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്കു പോകാന്‍ ഓട്ടോയില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍വരെ എത്തി. അവിടെ വാഹനങ്ങളെല്ലാം തടഞ്ഞിരിക്കുന്നു. ട്രെയിന്‍ പോകാന്‍ സമയമായി. ടൂവീലര്‍ പോലും വിടുന്നില്ല. പൊരിവെയിലത്തു മുന്നോട്ടും പിന്നോട്ടും പോകാനാവാതെ യാത്രക്കാര്‍. തിരുവനന്തപുരത്ത് അദ്ദേഹം ഉള്ളപ്പോഴൊക്കെ ഇങ്ങനെയാണെന്ന് എല്ലാവരും പറയുന്നു. അദ്ദേഹം പോകുമ്പോള്‍ ആ വഴി ആരെയും പോകാന്‍ അനുവദിക്കില്ലത്രെ.
മുഖ്യമന്ത്രി അറിയുന്നുണ്ടോ ഇത്.
അത്യാസന്നനിലയിലുള്ള രോഗിയാണെങ്കിലും ആവശ്യത്തിനു പോകുന്നവരാണെങ്കിലും എന്തു ചെയ്യും. എല്ലാവരുടെയും ജീവനും സമയത്തിനും വിലയില്ലേ.ശ്രീലേഖ ഐ.പി.എസ് എറണാകുളം റേഞ്ചില്‍ ചാര്‍ജെടുത്ത ശേഷം അവരുടെ ക്യാംപ് ഹൗസിനു മുന്നില്‍ മറൈന്‍ ഡ്രൈവ് ഓഫീസില്‍ എത്തുന്നതുവരെ 'അടിയന്തരാവസ്ഥ'യായിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ എന്താണിങ്ങനെ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏതെങ്കിലും മുഖ്യമന്ത്രിയെ, അതും പിണറായി വിജയനെ ആക്രമിക്കാന്‍ ആര്‍ക്കാണു ധൈര്യമുണ്ടാവുക. സുരക്ഷയുണ്ടാവട്ടെ, പക്ഷേ അതു ഞങ്ങള്‍ സാധാരണക്കാരെ വേദനിപ്പിക്കാതെ വേണം.
പ്രസ്‌ക്ലബ്ബിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ വേദനയാണ് എനിക്കുണ്ടായത്. അന്നു ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ എന്റെ യാത്ര മുടങ്ങും. സാമ്പത്തികനഷ്ടം വേറെ. ഇതെല്ലാം ആരു പരിഹരിച്ചുതരും. എന്തെങ്കിലും പരിഹാരം ഇതിനു കണ്ടെത്തേണ്ടതല്ലേ, ഒരു വരിയില്‍ കൂടിയെങ്കിലും വാഹനങ്ങള്‍ കടത്തിവിട്ടുകൂടേ.
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടില്ലേ, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂവെന്ന്. എന്തിനാണ്, എന്തിനെയാണു മുഖ്യമന്ത്രി പേടിക്കുന്നത്. പിണറായി വിജയനെ ആരെങ്കിലും കല്ലെറിഞ്ഞാല്‍പ്പോലും കേരളംകീഴ്‌മേല്‍മറിക്കില്ലേ പാര്‍ട്ടിക്കാര്‍.
സാധാരണക്കാരുടെ സ്ഥിതി അതല്ല. മടിയില്‍ കനമില്ലാതെയും പേടിക്കേണ്ട അവസ്ഥയാണ്. യാത്ര മുടങ്ങിയാല്‍ വരുന്ന സാമ്പത്തികനഷ്ടം വലുതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരപേക്ഷ സമര്‍പ്പിക്കുന്നത്, എത്ര പൊലിസുകാരെ വേണമെങ്കിലും കൂടെ നിര്‍ത്തിക്കൊള്ളൂ, എങ്കിലും ഞങ്ങളെ വഴിയില്‍ തടയാതിരിക്കൂ. ഇതെഴുതിയതിന്റെ പേരില്‍ എന്നോടു വിരോധമൊന്നും തോന്നരുത്.
ഡല്‍ഹിയില്‍ ഞാന്‍ വസ്ത്രമന്ത്രാലയത്തിനു കീഴിലുള്ള കോര്‍പറേഷനിലാണു ജോലി ചെയ്തിരുന്നത്. സി.സി.ഐ.സിയില്‍. അതേ വകുപ്പിലെ എച്ച്.എച്ച്.ഇ.സിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ ശമ്പളവും ക്വാര്‍ട്ടേഴ്‌സും കിട്ടുമെന്നതിനാല്‍ ഞാനവിടെ ചേര്‍ന്നു. പല പ്രാവശ്യവും അപേക്ഷ നല്‍കിയിട്ടും ക്വാര്‍ട്ടേഴ്‌സ് ലഭിച്ചില്ല. എച്ച്.എച്ച്ഇ.സിയിലേയ്ക്കു മാറാന്‍ സഹായിച്ചതു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.
ഞാനും മക്കളും ജീവിതത്തില്‍ ഒറ്റയ്ക്കായപ്പോള്‍ ഞങ്ങള്‍ക്കു താങ്ങായി എപ്പോഴും അദ്ദേഹം കൂടെ നിന്നു. എന്റെ ജോലികാര്യത്തിനുവേണ്ടി മാത്രം തിരക്കുപിടിച്ച് ഒരു ദിനസന്ദര്‍ശനത്തിന് വരാന്‍ സമയം കണ്ടെത്തിയിരുന്നു. ആ സമയത്ത് ദയാനിധി മാരനായിരുന്നു ടെക്‌സ്റ്റൈല്‍സ് മന്ത്രി. എന്റെ കാര്യത്തിനുവേണ്ടി മാത്രം ഉമ്മന്‍ചാണ്ടി ദയാനിധിമാരനെ നേരില്‍ കണ്ടിരുന്നു.
ആ സമയത്തുതന്നെ ആരോപണങ്ങളില്‍ തട്ടി ദയാനിധി മാരന്റെ മന്ത്രിസ്ഥാനം പോയി. പിന്നീട് ആ വകുപ്പ് ഏറ്റെടുത്തത് കോണ്‍ഗ്രസ്സിന്റെ ആനന്ദ് ശര്‍മയാണ്. അദ്ദേഹത്തോടും സഹമന്ത്രിയോടും എന്റെ കാര്യം ഉമ്മന്‍ചാണ്ടി നേരില്‍ അറിയിച്ചിരുന്നു. വീട്ടില്‍ ടി.വിയില്ലാതിരുന്നതിനാല്‍ ദയാനിധി മാരനു ശേഷം മന്ത്രിയായ ആനന്ദ് ശര്‍മയെ ഞാന്‍ ടി.വിയില്‍പ്പോലും കണ്ടിരുന്നില്ല.
എച്ച്.എച്ച്.ഇ.സിയില്‍ ചേര്‍ന്ന ശേഷം എനിക്കു പ്രഗതിമൈതാനത്തോടു ചേര്‍ന്നുള്ള നാഷനല്‍ ക്രാഫ്റ്റ് മ്യൂസിയത്തിലായിരുന്നു ജോലി. ജീവനക്കാര്‍ ആരും തന്നെ സന്ദര്‍ശകരോടു സംസാരിക്കരുതെന്നു സി.സി.ഐ.സിയില്‍ കര്‍ശനമായ വിലക്കുകളുണ്ടായിരുന്നു. എനിക്കു വരയ്ക്കലായിരുന്നു ജോലി. ഡിസൈനിങാണു പഠിച്ചത്. പല ഉന്നത വ്യക്തികളും ബോളിവുഡ് താരങ്ങളും വിദേശ ഡെലിഗേറ്റുകളും വരുന്ന ഷോറൂമാണ് സി.സി.ഐ.സിയുടേത്.
അവിടെ ഷബാന ആസ്മി മുതലായവരെ കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാനൊന്നും സാധിച്ചിരുന്നില്ല. എച്ച്.എച്ച്.ഇ.സിയില്‍ അങ്ങനെ വിലക്കുകള്‍ ഉണ്ടായിരുന്നില്ല. എങ്കിലും സന്ദര്‍ശകര്‍ ആവശ്യപ്പെട്ടാല്‍ മാത്രം നമ്മള്‍ അവരെ സഹായിച്ചാല്‍ മതി. ചിലപ്പോള്‍ പ്രത്യേക ഇഷ്ടാനിഷ്ടങ്ങള്‍ അവര്‍ പറഞ്ഞാല്‍ അതനുസരിച്ചു ഡിസൈനില്‍ മാറ്റം വരുത്തി കലാകാരന്മാരെക്കൊണ്ടു ചെയ്യിപ്പിക്കേണ്ടി വരും.
ലോകരാഷ്ട്രങ്ങളിലുള്ള അനേകം ആളുകളുമായി ഇടപഴകാന്‍ സാധിച്ചത് അക്കാലത്താണ്. ഞാനവിടെ പുതിയ അംഗമായതിനാലും ഏക മലയാളിയായതിനാലും എല്ലാം വിശദമായി പറഞ്ഞുതരുമായിരുന്നു അവിടുത്തെ ജീവനക്കാര്‍. ബില്‍ ക്ലിന്റണ്‍ വന്നതും വിശിഷ്ടാതിഥികളെപ്പറ്റിയുമെല്ലാം. ഞാനവിടെ ജോലി ചെയ്യുമ്പോഴാണു മിഷേല്‍ ഒബാമ അവിടം സന്ദര്‍ശിച്ചത്.
ഇവിടെ ജോലി ചെയ്തിരുന്നപ്പോള്‍ ഒരു ദിവസം ലഞ്ച്‌ബ്രേക്ക് സമയത്ത് മൂന്നുപേര്‍ കടന്നുവന്നു. മാനേജര്‍ ഒരു സര്‍ദാര്‍ജിയായിരുന്നു. അദ്ദേഹം പെട്ടെന്നുതന്നെ അവരുടെ അടുത്തേയ്ക്കു പോയി. ഞാന്‍ വന്നവരെ കാര്യമായി നോക്കിയില്ല. പെട്ടെന്ന് എന്തോ തോന്നലില്‍ ഞാനവരെ നോക്കിയപ്പോള്‍ അതില്‍ രണ്ടുപേര്‍ എന്നെയും ശ്രദ്ധിച്ചു. എന്നിട്ടും ഞാന്‍ അനങ്ങിയില്ല. വീണ്ടും സംശയം മനസ്സില്‍ കടന്നുകൂടി. മാനേജര്‍ എല്ലാവരോടും വിനയത്തോടെ മാത്രം സംസാരിക്കുന്ന വ്യക്തിയാണ്, എന്റെ മകനോടുപോലും. ഇതിപ്പോള്‍ വിനയവും വെപ്രാളവും ഇത്തിരി കൂടുതലുണ്ടോ എന്നായി എനിക്ക്.
ഏതെങ്കിലും വി.ഐ.പികളാണെങ്കിലോയെന്നു വിചാരിച്ച് ഞാന്‍ എഴുന്നേറ്റു. അതിലൊരാള്‍ വെള്ള പൈജാമയും കുര്‍ത്തയുമാണു ധരിച്ചത്. നല്ല തലയെടുപ്പുമുണ്ട്. എവിടെയോ കണ്ടിട്ടുണ്ട്. ടി.വിയിലോ പത്രത്തിലോ, സംശയമായി. ഞാന്‍ ചെന്നു ബഹുമാനിച്ചില്ലെന്നു വേണ്ടെന്നു കരുതി അടുത്തു ചെന്നു നിന്നെങ്കിലും അവിടത്തെ രീതിയില്‍ നമസ്‌തേ എന്നൊന്നും പറഞ്ഞില്ല. അതുകൊണ്ടാവാം ഇവരുടെ പുറകില്‍നിന്നു മാനേജര്‍ എന്നോട് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്.
ശ്രദ്ധിച്ചപ്പോള്‍ മന്ത്രിയെന്നു ചുണ്ടനങ്ങിയെന്ന് എനിക്കു തോന്നി. അവരില്‍ രണ്ടുപേരുടെ മുഖത്തു പുഞ്ചിരിയുണ്ടായിരുന്നു. മൂന്നാമന്‍ യാതൊരു ഭാവവുമില്ലാതെ നില്‍ക്കുന്നു. അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു, 'മന്ത്രിയാണോ വന്നിരിക്കുന്നത്, ഏതു മന്ത്രിയാണ്.'
പതുക്കെയാണ് ഞാന്‍ ചോദിച്ചതെങ്കിലും തൊട്ടടുത്തു നില്‍ക്കുന്നവര്‍ക്കു കേള്‍ക്കാന്‍ സാധിച്ചു. ചിരി കൂടിയോ അവര്‍ക്ക് എന്നു തോന്നി. പെട്ടെന്നാണ് എനിക്കു 'കത്തിയത്.' ദയാനിധി മാരനുശേഷം വന്ന പുതിയ ടെക്‌സ്റ്റൈയില്‍ മന്ത്രി ആനന്ദ് ശര്‍മ ഇതാ എന്റെ തൊട്ടടുത്ത്. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം.
കാബിനറ്റ് മന്ത്രിമാരെ കാണാന്‍ എത്ര കടമ്പ കടക്കണം. എനിക്കാണെങ്കില്‍ മുകളില്‍നിന്നു അനുമതി വേണം. പിന്നെ തിരിച്ചറിയല്‍ കാര്‍ഡ്. മന്ത്രിയുടെ സെക്രട്ടറിയുടെ അനുമതി, പലതരം സുരക്ഷാപരിശോധന. ഇതെല്ലാം നടക്കണം. ഇപ്പോഅതൊന്നും വേണ്ടല്ലോ.
ഞാന്‍ ഓടി അദ്ദേഹത്തിന്റെ അടുക്കലെത്തി നമസ്‌കാരം പറഞ്ഞു. എനിക്കും അദ്ദേഹം നമസ്‌തേ പറഞ്ഞു. 'ഒരപേക്ഷയുണ്ട് അങ്ങയോടു പറഞ്ഞോട്ടെ.' എന്നു ഞാന്‍ ചോദിച്ചു.
'എന്താണ് ' താല്‍പ്പര്യത്തോടെയുള്ള മറുചോദ്യം.
സി.സി.ഐ.സിയില്‍ നിന്ന് ഇങ്ങോട്ടു മാറാനുള്ള കാര്യവും ക്വാര്‍ട്ടേഴ്‌സ് ലഭിക്കാത്ത കാര്യവുമെല്ലാം ഞാന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സാറിനെ വളരെ അടുത്തറിയാമെന്നും എന്റെ ഈ ആവശ്യത്തിനുവേണ്ടി അദ്ദേഹം ദയാനിധിമാരനെ കണ്ട കാര്യവും എന്റെ അപ്പന്‍ ലോക്‌സഭാമെമ്പറായിരുന്ന കാര്യവും പൊങ്ങച്ചത്തോടെ പറഞ്ഞു.
എല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നിട്ട് പറഞ്ഞു: 'ഞാന്‍ സ്റ്റേറ്റ് മന്ത്രിയാണ്.'
'എന്നാലും എന്റെ കാര്യം, ഞങ്ങളുടെ എം.ഡിയോട് ഒന്ന് പറഞ്ഞു സഹായിക്കണം.'
'ഞാനൊരു സ്റ്റേറ്റിന്റെ കാര്യം മാത്രം നോക്കുന്ന മന്ത്രിയാണ്', അദ്ദേഹത്തിന്റെ മറുപടി.
'എന്തായാലും മന്ത്രിയല്ലേ. എം.ഡിയോടു പറയാനുള്ള അധികാരമില്ലേ' എന്നായി ഞാന്‍. (അദ്ദേഹം മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആണെന്നാണു ഞാന്‍ കരുതിയത്.)
'ഞാന്‍ ഒരു സംസ്ഥാനത്തിന്റെ കാര്യം മാത്രം നോക്കുന്ന മന്ത്രിയാണ്.', അദ്ദേഹം വീണ്ടും ചിരിച്ചുകൊണ്ടു പറഞ്ഞു.
ഇത്രയുമായപ്പോള്‍ ക്ഷമകെട്ട് മാനേജര്‍ വെപ്രാളത്തോടെ പറഞ്ഞു: 'ആശാജി ഇദ്ദേഹം ഒറീസ മുഖ്യമന്ത്രിയാണ്.'
അപ്പോഴും അദ്ദേഹം ചിരിയോടെ നില്‍ക്കുകയാണ്. കൂടെയുള്ള ഉദ്യോഗസ്ഥനും ചിരി. മൂന്നാമന് അപ്പോഴും അനക്കമില്ല.
ഞാന്‍ വാ പൊളിച്ചു തളര്‍ന്നു നിന്നുപോയി. വേറൊന്നും കൊണ്ടല്ല, തിരിച്ചറിയാതെ വന്നതില്‍.
അദ്ദേഹം ചോദിച്ചു, 'ആരാണു പുതിയ ടെക്‌സ്റ്റൈല്‍ മന്ത്രി.'
ഞാന്‍ - 'ആനന്ദ് ശര്‍മ.'
അന്നേരം അദ്ദേഹം പറഞ്ഞു: 'ആനന്ദ്ശര്‍മയ്ക്കു താടിയുണ്ട്.'
ബീഹാറില്‍നിന്നുള്ള ഐഗട്ട് സ്റ്റോണ്‍ പാത്രങ്ങള്‍ വാങ്ങാന്‍ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വരാറുണ്ടെന്നു ജീവനക്കാര്‍ പറഞ്ഞതെല്ലാം ഞാന്‍ മറന്നുപോയിരുന്നു.
പിന്നെ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലായി ഞാന്‍. ഞാനദ്ദേഹത്തിന്റെ കാലുതൊട്ടു വന്ദിച്ചു ക്ഷമ ചോദിച്ചു. അദ്ദേഹം എന്റ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സാരമില്ലെന്നു പറഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു: 'ഉമ്മന്‍ചാണ്ടി നല്ല വ്യക്തിയല്ലേ, നല്ല പരിചയമുണ്ടല്ലോ. അവര്‍ രണ്ടുപേരും ഒരേ പാര്‍ട്ടിക്കാരുമാണ്. ആ വഴിതന്നെയാണ് ഇക്കാര്യത്തിനു നല്ലത്.'
അദ്ദേഹം പോകാന്‍ നേരം വീണ്ടും ക്ഷമ ചോദിച്ചു. ഞാന്‍ പറഞ്ഞു: 'ഞങ്ങളുടെ നാട്ടില്‍ ഏതു പാര്‍ട്ടിയുടെ മന്ത്രിയായാലും പൊലിസും ആള്‍ക്കൂട്ടവും പത്രക്കാരുമെല്ലാം കാണും. ഇത്രയും സാധാരണക്കാരനെപ്പോലെ വന്നതുകൊണ്ടാണു തിരിച്ചറിയാതെ പോയത്.'
'അതു സാരമില്ല, ഗോഡ് ബ്ലെസ് യു' എന്നു പറഞ്ഞാണ് അദ്ദേഹം പോയത്.
മുഖ്യമന്ത്രിയെ തിരിച്ചറിഞ്ഞില്ല, ബഹുമാനിച്ചില്ല എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തിനു വേണമെങ്കില്‍ പരാതി നല്‍കാം. പക്ഷേ, അനുഗ്രഹിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഡല്‍ഹി കേരള ഹൗസിനു തൊട്ടടുത്തുള്ള വി.പി ഹൗസിലേക്കു പോകണമെങ്കില്‍ റോഡ് കടക്കണം. രണ്ടുവശത്തേക്കും ഇടമുറിയാതെ വാഹനങ്ങളുടെ ഒഴുക്കാണ്. ഒരുവശം കടക്കാന്‍ തന്നെ പത്തുപന്ത്രണ്ടു മിനിറ്റ് വേണം. ഒരു ദിവസം അത്യാവശ്യമായി പോകുന്നതിനിടയില്‍ കാത്തുനിന്നു മടുത്ത ഞാന്‍ ഇനി കൈകാണിച്ചു വാഹനം നിര്‍ത്തിച്ചാണെങ്കിലും റോഡ് മുറിച്ചു കടക്കണമെന്നു തീരുമാനിച്ചു.
കൈകാണിച്ചു, അതൊരു പൊലിസ് വണ്ടിയായിരുന്നു. പിറകില്‍ വേറെയും വാഹനങ്ങള്‍. പൊലിസ് വണ്ടി പെട്ടെന്നു നിര്‍ത്തി, കരിമ്പൂച്ചകള്‍ ചാടി പുറത്തിങ്ങി. ഒരാള്‍ ഓടി എന്റടുത്തുവന്നു കാര്യം ചോദിച്ചു. എനിക്ക് റോഡിനപ്പുറത്തെത്തണമെന്നു ഞാന്‍ പറഞ്ഞു. കുറേനേരമായി നില്‍ക്കുന്നു. ആരും നിര്‍ത്തുന്നില്ല.
അയാള്‍ ഓടിപ്പോയി പിറകിലെ വാഹനത്തിലുള്ളയാളോട് എന്തോ പറഞ്ഞു, അതിലൊരാള്‍ പുറകിലെ വണ്ടിക്കാരോടും. പിന്നെ എന്നോടു കടന്നു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അവരുടെ മുഖത്തു ഗൗരവം വിടാതുള്ള പുഞ്ചിരിയായിരുന്നു.
ഏതോ വലിയ മന്ത്രിയായിരുന്നു പിറകിലെ വാഹനത്തില്‍. കേന്ദ്രമന്ത്രിയെ വഴിയില്‍ തടഞ്ഞെന്നു പറഞ്ഞു ഡല്‍ഹി പൊലിസിന് എന്നെ കസ്റ്റഡിയിലെടുക്കാമായിരുന്നു. ഇവിടെയായിരുന്നെങ്കില്‍ എന്തെല്ലാം പുകിലുണ്ടാകുമായിരുന്നു.
മുഖ്യമന്ത്രിയായാലും മറ്റു മന്ത്രിമാരായാലും ഞങ്ങള്‍ സാധാരണക്കാരുടെ വിഷമങ്ങള്‍ മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു. സുരക്ഷ വേണ്ട കാര്യമാണെങ്കില്‍ വാഹനത്തിരക്കില്ലാത്തിടത്തു പരിപാടി സംഘടിപ്പിക്കാമല്ലോ.
ആശുപത്രിയില്‍ പോകുന്നവരും പ്രായമായവരും ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഇന്റര്‍വ്യൂവിനു പോകുന്നവരും പരീക്ഷയ്ക്കു പോകുന്നവരും ആരാധനാലയങ്ങളില്‍ പോകുന്നവരും ദാഹിച്ചുവലഞ്ഞു നാരാങ്ങാവെള്ളം കുടിക്കാമെന്നു കരുതി പോകുന്നവരും വിശക്കുന്നവരും ട്രെയിന്‍ കിട്ടാതാകുമോ എന്നോര്‍ത്തു നെഞ്ചിടിപ്പോടെ ഓടുന്ന എന്നെപ്പോലുള്ളവരുമെല്ലാം ഒരാള്‍ക്കുവേണ്ടി ഏറെ നേരം പൊരിവെയിലത്തു നില്‍ക്കണമെന്നു ശഠിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ല.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ കുറച്ചധികം സൗകര്യം ആവശ്യമായി വരും. പക്ഷേ, വളരെ മുമ്പുതന്നെ റോഡുകളെല്ലാം ബ്ലോക്കാക്കണോ.
ഇനിയെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനത്തിനുവേണ്ടി വാഹനക്കുരുക്കുണ്ടാക്കുന്ന നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. എങ്കില്‍, 2018ല്‍ ഞങ്ങള്‍ക്കു തരുന്ന സമ്മാനമായിരിക്കും അത്.
കോട്ടയത്ത് ഈയടുത്ത് ഒരു കുഞ്ഞ്, പ്രകടനങ്ങളും റോഡുപണിയും കാരണം നേരത്തിന് ആശുപത്രിയിലെത്തിക്കാനാവാതെ ചികിത്സ കിട്ടാതെ മരിച്ച വാര്‍ത്ത മറന്നുപോയോ. ആ കുഞ്ഞിന്റെ അമ്മ പറഞ്ഞത് 'അവള്‍ ഒരു മാലാഖയായിരുന്നു' എന്നാണ്.
ഇനിയൊരാള്‍ക്കും ഇങ്ങനെയൊന്നും വരാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."