തുറമുഖ വകുപ്പിന്റെ മണലിന് വിലവര്‍ധിപ്പിച്ചു; മണല്‍വാരല്‍ നിലച്ചു
വടകര: തുറമുറവകുപ്പിനു കീഴിലുള്ള കടവുകളില്‍ നിന്ന് വാരുന്ന മണലിന് സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത് ഈ മേഖലക്ക് ഇരുട്ടടിയായി. വര്‍ധനവിനെത്തുടര്‍ന്ന് പുതുപ്പണം കക്കട്ടി കടവില്‍ മണല്‍വാരല്‍ നിലച്ചു. ലോഡിന് (മൂന്നുടണ്‍) 4317 രൂപയില്‍ നിന്ന് 4750 രൂപയായാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച തുക മൊത്തം സര്‍ക്കാരിലേക്ക് അടയ്ക്കാനാണ് നിര്‍ദേശം. നിലവില്‍ മണല്‍ വാരുന്നതിന് നേതൃത്വം നല്‍കുന്ന സഹകരണസംഘങ്ങള്‍ക്ക് ഒരു വിഹിതവും വര്‍ധിപ്പിച്ച തുകയില്‍ നിന്ന് കിട്ടില്ല.
ഇതോടെയാണ് വടകരയില്‍ മണല്‍ വാരല്‍ നിലച്ചത്. ഫെബ്രുവരിയില്‍ ഒരു ദിവസം പോലും മണല്‍ വാരിയിട്ടില്ല. ഓരോ മാസവും മണലിന്റെ വില മുന്‍കൂട്ടി വടകര പോര്‍ട്ട് മാന്വല്‍ ഡ്രഡ്ജിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സര്‍ക്കാരിലേക്ക് അടക്കണം. എന്നാല്‍ മാത്രമേ മണല്‍ വാരാനാകൂ. എല്ലാ മാസവും 9000 ലോഡ് മണലിന്റെ പണമാണ് അടച്ചിരുന്നത്. എന്നാല്‍ ഇത്തവണ മണലിന്റെ വില കൂട്ടിയുള്ള ഉത്തരവ് വന്നതോടെ സൊസൈറ്റി പണം അടച്ചിട്ടില്ല. നിലവില്‍ ഒരു ലോഡ് മണലിന് ഈടാക്കുന്ന 4317 രൂപയില്‍ 2115 രൂപ സര്‍ക്കാരില്‍ അടക്കേണ്ടതാണ്. ബാക്കി തുകയില്‍ നിന്നു വേണം മൂന്നു തൊഴിലാളികളുടെ കൂലിയായ 1900 രൂപ നല്‍കാന്‍.
ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 450 രൂപയോളം വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ വിഹിതം 2565 രൂപയോളമാകും. സംഘത്തിനോ തൊഴിലാളികള്‍ക്കോ ഒരു മെച്ചവും കിട്ടില്ല. മാത്രമല്ല വര്‍ധിപ്പിക്കുന്ന തുക ആത്യന്തികമായി ഉപഭോക്താവിന്റെ തലയിലാണെത്തുക. വണ്ടിക്കൂലിയും കൂടി നോക്കുമ്പോള്‍ വന്‍തുക തന്നെ ഇനി മണലിന് നല്‍കേണ്ടിവരും.
മംഗളൂരുവില്‍ നിന്നും മറ്റും ഇഷ്ടം പോലെ മണല്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഇതിനുപുറമെ എം.സാന്‍ഡ് ഉപയോഗവും വ്യാപകമാണ്. അതുകൊണ്ടുതന്നെ പോര്‍ട്ട് മണലിന് ആവശ്യക്കാര്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വില കൂട്ടുകയും ചെയ്തത്. ഇത് ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ആവശ്യക്കാര്‍ കുറയുന്നതിനേ വിലവര്‍ധന വഴിയൊരുക്കൂ. മുന്നൂറോളം തൊഴിലാളികള്‍ ഇപ്പോള്‍ സൊസൈറ്റിക്കു കീഴില്‍ മണല്‍ വാരുന്നുണ്ട്.തുറമുഖ വകുപ്പിന് കീഴിലുള്ള കടവുകളില്‍ നിന്ന് മണല്‍വാരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഈയ്യിടെ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. മണല്‍ വാരുന്നതില്‍ നിന്ന് സൊസൈറ്റികളെ ഒഴിവാക്കുന്നതാണ് പ്രധാനപ്പെട്ട പരിഷ്‌കാരം. മാര്‍ച്ച് 31 വരെ മാത്രമേ സൊസൈറ്റികള്‍ക്ക് മണല്‍ വാരാന്‍ അനുമതിയുള്ളൂ.
അതിനു ശേഷം ഈ ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിക്കും. ഇത്തരം പരിഷ്‌കാരങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുമ്പോഴാണ് വില വര്‍ധിപ്പിച്ചുള്ള പരിഷ്‌കാരവും.വിലവര്‍ധന പിന്‍വലിക്കണമെന്ന് വടകര സൊസൈറ്റിയിലെ തൊഴിലാളികളുടെ യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."