ജാനകിക്കാട് നീര്‍പാലത്തിനു ഗുരുതര വിള്ളല്‍; പുതിയ പാലം വേണമെന്ന് നാട്ടുകാര്‍
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാലിന്റെ ഭാഗമായ ചവറംമൂഴിയിലെ ജാനകിക്കാട് നീര്‍പ്പാലത്തിനു അതീവ ഗുരുതര വിള്ളലും ജലച്ചോര്‍ച്ചയും. കുറ്റ്യാടിപ്പുഴക്ക് കുറുകെ ഏകദേശം 80 മീറ്റര്‍ നീളത്തിലാണ് നീര്‍പ്പാലമുള്ളത്. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കരയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് നീര്‍പ്പാലം സ്ഥാപിച്ചിരിക്കുന്നത്.
കാലപ്പഴക്കം കാരണം പാലത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചങ്ങരോത്ത് പഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന പാലം ഭാഗത്ത് മുന്‍ വര്‍ഷമുണ്ടായ ദ്വാരം വലുതായി ജലം ഇപ്പോള്‍ പുഴയിലേക്കു ചാടുകയാണ്. നീര്‍പ്പാലത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വരും വര്‍ഷം കനാലു തുറക്കുന്നതിനു മുന്‍പ് നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ അന്നു പറഞ്ഞിരുന്നെങ്കിലും ഫണ്ടില്ലെന്ന ന്യായം നിരത്തി ഒരു കാര്യവും ഇക്കുറിയും ചെയ്തില്ല.
കനാല്‍ തുറന്നു ജലം പാഞ്ഞെത്തിയ മര്‍ദ്ദത്തില്‍ നീര്‍പ്പാലത്തിലെ ദ്വാരം വീണ്ടും വലുതാകുകയായിരുന്നു. നീര്‍പ്പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ അനുമതിയുണ്ടെങ്കിലും ലോറി അടക്കമുള്ള വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് മുന്‍പെ നിരോധിച്ചതാണ്. ചങ്ങരോത്ത് ഹോളി ഫാമിലി യു.പി.സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം നീര്‍പ്പാലത്തിന്റെ ശോച്യാവസ്ഥയില്‍ ആശങ്കാകുലരാണ്. തകര്‍ച്ചാഭീഷണിയുള്ള നീര്‍പ്പാലത്തിനു പകരം മരുതോങ്കര ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി ചവറംമൂഴിയില്‍ പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്. ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ചങ്ങരോത്ത് ഹോളി ഫാമിലി യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ആയിഷക്കു നിവേദനം നല്‍കിയിരുന്നു. മന്ത്രി ടി.പി.രാമകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.ക്കും ഇതേ ആവശ്യം ഉന്നയിച്ചു നിവേദനം നല്‍കാന്‍ കുട്ടികള്‍ തീരുമാനിച്ചിട്ടുണ്ടെന്നു പ്രധാനാധ്യാപകന്‍ ടി.ജെ.കുര്യാച്ചന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."