അസീസ് ദാരിമിയുടെ കുടുംബത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങി
തരുവണ: തരുവണ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ അകാലത്തില്‍ പൊലിഞ്ഞ അബ്ദുല്‍ അസീസ് ദാരിമിയുടെ കുടുംബത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങി. ഇന്ന് കുടുംബം ദാരിമിയുടെ ജീവിതാഭിലാഷമായ സ്വന്തമായൊരു വീടെന്ന സ്വപ്നത്തിലേക്ക് കയറിക്കൂടുകയാണ്.
കുപ്പാടിത്തറ നടമ്മലില്‍ അദ്ദേഹത്തിന്റെ ഭാര്യ പിതാവ് ദാനമായി നല്കിയ ആറ് സെന്റ് ഭൂമിയിലാണ് വീട് നിര്‍മിച്ചത്. കോഴിക്കോട്ടെ ഒരു ഉദാരമതി നല്കിയ അഞ്ച് ലക്ഷം രൂപയും എസ്.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റി ഉള്‍പ്പടെ വിവിധ വ്യക്തികളില്‍ നിന്നായി സമാഹരിച്ച മൂന്നര ലക്ഷം രൂപയും ചേര്‍ത്താണ് വീട് നിര്‍മ്മിച്ചത്. നടമ്മല്‍ സ്വദേശിയായ സി.ടി റിയാസ് ലാഭേച്ചയില്ലാതെ വീട് നിര്‍മിച്ച് നല്‍കുകയും ചെയ്തു. ഇത്രയും നാള് വാടക വീടുകളിലും കുടുംബങ്ങളുടെ വീടുകളിലുമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തരുവണ പുലിക്കാട് പള്ളിക്ക് സമീപം അസീസ് ദാരിമി മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച തറയുടെമേല് ഈ കുടുംബത്തിനായി സ്ഥിര വരുമാനം എന്ന ലക്ഷ്യവുമായി തരുവണ റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്സും നിര്‍മാണമാരംഭിച്ചിട്ടുണ്ട്. സമസ്തക്കായി അക്ഷീണം പ്രയത്നിച്ച ദാരിമി ഉസ്താദിന്റെ കുടുംബത്തിന് തങ്ങളാവുംവിധം താങ്ങാവുകയാണ് തരുവണ റെയ്ഞ്ച് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."