ഇന്ത്യ- പാക് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കശ്മീരെന്ന് നവാസ് ശരീഫ്
ഇസ്‌ലാമാബാദ്: കശ്മീരാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ മേഖലയില്‍ സമാധാനവും ക്ഷേമവും വരില്ല. ഒരുപാട് പഴക്കമുള്ള, ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണിത്.
കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി ഇന്ത്യ കശ്മീര്‍ ജനതയുടെ അവകാശം നിഷേധിക്കുകയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലൂടെ ഉറപ്പുനല്‍കിയ സ്വാതന്ത്ര്യം കശ്മീരികള്‍ക്കു നല്‍കാന്‍ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല- അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരിലെ ജനതയ്ക്കു പിന്തുണ പ്രഖ്യാപിക്കാനാണ് ഐക്യദാര്‍ഢ്യ ദിനം പാകിസ്താന്‍ ആചരിക്കുന്നത്. അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമുള്ള കശ്മീരികളുടെ പോരാട്ടത്തില്‍ തങ്ങള്‍ ഒപ്പമുണ്ട്. ഇന്ത്യന്‍ സേന കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും നിഷ്‌കളങ്കരുടെ കൊലപാതകങ്ങളിലും പ്രതിഷേധിക്കുന്നതോടൊപ്പം ആഭ്യന്തര ഭീകരവാദം അപലപിക്കുന്നു- നവാസ് ശരീഫ് പറഞ്ഞു.കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."