പി.എസ്.സി ചോദ്യപ്പേപ്പറില്‍ വെള്ളാപ്പള്ളിയും ചുംബനസമരവും
തിരുവനന്തപുരം: പി.എസ്.സി ചോദ്യപേപ്പറില്‍ വെള്ളാപ്പള്ളി നടേശനും ചുംബനസമരവും ബ്ലൂ ടൂത്തും ഇടംപിടിച്ചത് വിവാദമാകുന്നു.
സാമൂഹ്യപരിഷ്കര്ത്താക്കളോടൊപ്പം വെള്ളാപ്പള്ളിയെ ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ആരോഗ്യവകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷാ ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങള്‍.
ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന ഉദ്ധരണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സാമൂഹ്യപരിഷ്കര്‍ത്താക്കളായ ഗുരു നിത്യ ചൈതന്യ യതി, സഹോദരന് അയ്യപ്പന്, ശ്രീനാരായണഗുരു എന്നിവരോടൊപ്പം ഓപ്ഷനില്‍ വെള്ളാപ്പള്ളി നടേശന്റെ പേരും ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഉത്തരത്തിന്റെ ഓപ്ഷനില്‍ മൂന്നാമതായാണ് വെള്ളാപ്പള്ളിയുടെ പേര് ചേര്‍ത്തത്.
ചോദ്യത്തിന്റെ ശരിയുത്തരം സഹോദരന് അയ്യപ്പന് ആണ്. സാമൂഹ്യപരിഷ്കര്‍ത്താക്കളായ മറ്റു മൂന്ന് പേരോടൊപ്പം വെള്ളപ്പള്ളി നടേശന്റെ പേരും ഉള്‍പ്പെടുത്തി.
വെള്ളാപ്പള്ളിയെ ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയത് സാമൂഹ്യ പരിഷ്കര്‍ത്താക്കളേയും അവരുടെ പോരാട്ടങ്ങളേയും അവഹേളിക്കുന്നതാണെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
കേരളത്തില്‍ മാറുമറയ്ക്കല്‍ അവകാശത്തിനായി നടന്ന സമരം ഏതെന്ന ചോദ്യത്തിന്റെ ഓപ്ഷനില്‍ ചുംബനസമരം ഇടം നേടിയതും ചര്‍ച്ചയായി. ശരിയുത്തരമായ ചാന്നാര്‍ ലഹളക്കൊപ്പം കുറിച്യര്‍ ലഹള, പുന്നപ്ര വയലാര്‍സമരം എന്നിവയാണ് ഉത്തരത്തിനുള്ള മറ്റ് ഓപ്ഷനുകള്‍.
ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ഏതെന്ന ചോദ്യത്തിനുള്ള ഓപ്ഷനില്‍ ' ബ്ലൂ ടൂത്ത്' ഉള്‍പ്പെടുത്തിയതും കൗതുകമായി. ഖരം, വാതകം, പ്ലാസ്മ എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് ബ്ലൂ ടൂത്തും ഇടം നേടിയത്.
അനുചിതമായ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇതിനോടകം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കേരള സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആണോ എന്നതടക്കമുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."