പ്രചാരണം ശക്തം, കൊണ്ടും കൊടുത്തും പാര്‍ട്ടികള്‍
അലഹബാദ്: കുറിക്കുകൊള്ളുന്ന പ്രസ്താവനകളും ആരോപണ പ്രത്യാരോപണങ്ങളുമായി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ പ്രചാരണം ശക്തമാക്കി. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നടന്നുകൊണ്ടിരിക്കെ മറുഭാഗത്ത് സംസ്ഥാനത്തെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്.
മുഖ്യ പാര്‍ട്ടികളായ ബി.എസ്.പിയും എസ്.പി-കോണ്‍ഗ്രസ് സഖ്യവുമാണ് പ്രചാരണ രംഗത്ത് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി ഭരണം പിടിക്കുമെന്നു പറയുന്നുണ്ടെങ്കിലും മോദി പ്രഭാവത്തിനപ്പുറം മറ്റെന്തെങ്കിലും ചെയ്യാന്‍ അവര്‍ ഇപ്പോഴും അശക്തരാണെന്നതാണ് വാസ്തവം. മാത്രമല്ല ഉത്തര, പശ്ചിമ യു.പിയില്‍ ബി.ജെ.പി പ്രചാരണം ഇപ്പോഴും സജീവമല്ല. അവര്‍ എത്ര ശബ്ദമുയര്‍ത്തിയാലും നോട്ട് നിരോധനം ഉള്‍പ്പെടെയുള്ളവ തങ്ങള്‍ മറക്കില്ലെന്നാണ് സാധാരണക്കാരായ വോട്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പുതിയ പ്രചാരണ തന്ത്രങ്ങളും പുത്തന്‍ മുദ്രാവാക്യങ്ങളുമായി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന പ്രചാരണം ഉത്തര്‍പ്രദേശിനെ ശബ്ദായമാനമാക്കുകയാണ്.
കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന എസ്.പിയുടെ മുദ്രാവാക്യമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. യു.പി കോ യെ സാത്ത് പസന്ത് ഹായ്(ഉത്തര്‍പ്രദേശ് ഈ സഖ്യത്തെ ഇഷ്ടപ്പെടുന്നു) എന്നാണ് പ്രചാരണത്തില്‍ എസ്.പി ഉയര്‍ത്തുന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ചിത്രത്തില്‍ ബേബി കോ ബാസ് പസന്ത് ഹായ് എന്ന പാട്ടിന് പാരഡിയായിട്ടാണ് എസ്.പി മുദ്രാവാക്യം ചിട്ടപ്പെടുത്തിയത്. അതേസമയം ബി.എസ്.പിയും പ്രചാരണ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്. അബ് ബദ്‌ലാവ് മജ്ബൂരി ഹായ്, യു.പി മെ ബെഹന്‍ജി സരൂരി ഹായ്(മാറ്റം അനിവാര്യമാണ്, ഇതിന് മായാവതി ആവശ്യമാണ്) എന്നാണ് അവര്‍ പ്രചാരണം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ മോദി നടത്തിയ പ്രസംഗത്തില്‍ എസ്.പി. കോണ്‍ഗ്രസ്, അഖിലേഷ്, മായാവതി എന്നതിന്റെ ചുരുക്കപ്പേരായി സ്‌കാം എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെ അഖിലേഷ് പരിഹസിച്ച് സ്‌കാം എന്നാല്‍ സേവ് കണ്‍ട്രി ഫ്രം അമിത്ഷാ ആന്‍ഡ് മോദി എന്നാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."