പിണറായി വധശ്രമക്കേസില്‍ കുറ്റപത്രം നല്‍കി
തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം നല്‍കി. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ച കേസ് തുടര്‍നടപടിക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യത്തിന് പിണറായി വിജയനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ക്രൈബ്രാംഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടി.പിയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി പിണറായിയെ ശരിപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി നേരത്തെ ചോദ്യം ചെയ്യലിനിടെ പൊലിസിന് മൊഴി നല്‍കിയിരുന്നത്.
ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ വീട്ടില്‍ പോയി കണ്ടതിന് ശേഷം പ്രതികാരം ചെയ്യണമെന്ന് തോന്നുകയും ടി.പി കൊലപാതകത്തിന് പിന്നില്‍ പിണറായിയാണെന്ന് മനസിലാക്കിയതിനാലാണ് ആയുധവുമായി കൊലപ്പെടുത്താനെത്തിയതെന്നും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. 2013 ഏപ്രില്‍ മൂന്നിന് രാത്രിയോടെയാണ് പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് സമീപംവച്ച് എയര്‍ഗണ്ണും കൊടുവാളുമായി വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാറെ(62) പിടികൂടിയത്. വീടിന് നൂറുമീറ്റര്‍ അകലെ റോഡരികില്‍ ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്ന പൈപ്പിനകത്ത് പ്രതി എന്തോ കൊണ്ടുവയ്ക്കുന്നത് കണ്ട നാട്ടുകാരാണ് സംശയം തോന്നി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ പിടികൂടിയത്.
അന്വേഷണത്തിനിടെ പ്രതിയുടെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ വെടിയുണ്ടകളും വെടിമരുന്നും പിടിച്ചെടുത്തിരുന്നു. ഇവയൊക്കെ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതിന്റെ രേഖകളും കുറ്റപത്രത്തോടൊപ്പം പൊലിസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍്‌സ് ആക്ട് ഉള്ളതിനാല്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് കുറ്റപത്രം നല്‍കിയിരുന്നത്. അവധി കഴിഞ്ഞ് ജില്ലാ സെഷന്‍സ് കോടതി കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."