ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രിക്ക്...
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒരു ചരിത്രം കുറിക്കുന്നതിനായി താങ്കള്‍ ചുമതല ഏറ്റുകഴിഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും, അധ്യാപകരും, അതോടൊപ്പം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും പുതിയ മന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് വാനോളമാണ്. ഒട്ടനവധി മാറ്റങ്ങളാണ് ഈ വകുപ്പില്‍ നിന്നും ഉണ്ടാകേണ്ടത്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമെ സമൂഹത്തിനെ മാറ്റങ്ങളിലൂടെ മികച്ച ജീവിത നിലവാരം ലഭിക്കുന്ന രീതിയില്‍ ജനങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കു. തത്വചിന്തയിലൂടെ ഒരു ക്ലാസ്‌റൂമില്‍ ലഭിക്കുന്ന വിദ്യാഭ്യാസമാണ് വരും തലമുറയുടെ മികച്ചരീതിയിലുള്ള സര്‍ക്കാരിനെ സൃഷ്ടിക്കുവാന്‍ സഹായിക്കുന്നത് എന്ന് എബ്രഹാം ലിങ്കണ്‍ പറയുകയുണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരത നേടിയ സംസ്ഥാനങ്ങളില്‍ ഒന്നാമത് കേരളമാണ് 1951 ല്‍ വെറും 47.18 സാക്ഷരത മാത്രം ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനം ഇന്ന് 2011 സെന്‍സസ് കണക്ക് അനുസരിച്ച് 93.91 ശതമാനം സാക്ഷരത നേടിയിട്ടുണ്ട്. പക്ഷെ ഈ മേഖലയില്‍ ഇനിയും ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കുവാന്‍ മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു.
സംസ്ഥാനത്തെ ജനസംഖ്യയുടെ അഞ്ചില്‍ ഒരുഭാഗവും വിദ്യാര്‍ത്ഥി സമൂഹമാണ്. എന്നാല്‍ ഈ സമൂഹത്തിന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മേഖലയുടെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിച്ചത് എന്തുകൊണ്ടും പ്രധിക്ഷേതാര്‍ഹമായിരുന്നു, പാഠപുസ്തകങ്ങളാണ് വിദ്യാഭ്യാസ സഹായിയായി വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നത്.
കൃത്യമായി പാഠപുസ്തകങ്ങളെ സ്‌കൂള്‍ ആരംഭിക്കുമ്പോള്‍ എത്തിക്കുന്നതിന് പുതിയ ബഹു: മന്ത്രിയും വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. കേരളത്തില്‍ എമ്പാടും സര്‍ക്കാര്‍ സ്‌കൂളുകളെ സ്വകാര്യ സ്‌കൂളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വളരെ പിന്നിലാണ്.
വിവര സാങ്കേതികതയുടെ വളര്‍ച്ച ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഈ മേഖലയുടെ മേന്മ ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ സ്‌കൂളുകളിലും എത്തിക്കുമ്പോള്‍ മാത്രമെ സാധാരണക്കാരുടെ പാവപ്പെട്ട കുട്ടികള്‍ക്കും സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളോട് സമാന്തരമായി സഞ്ചരിക്കുവാന്‍ സഹായകരമാകു.
സ്വകാര്യ സ്‌കൂളുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നിലവിലുള്ളതിലുമധികം ശ്രദ്ധ നല്‍കുകയാണ് വേണ്ടത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തി കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുവാന്‍ ശക്തമായ ബോധവത്കരണം ജനങ്ങളുടെ ഇടയില്‍ നടത്തണം.
സ്വകാര്യ സ്‌കൂളുകളുടെ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതോടൊപ്പം ഫീസ് ഘടനയുടെ ഏകീകരണം അത്യാവശ്യമാണ്. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുവാന്‍ മുന്‍കൈയെടുക്കണം. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളിലും വ്യത്യസ്ഥമായ ഫീസ് ഘടനയാണുള്ളത്.
ഈ രീതിയിലുള്ള വിദ്യാഭ്യാസ കച്ചവടം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാകാനാണ് സഹായിക്കുന്നത്. ഈ വിഷയത്തില്‍ പുതിയ സര്‍ക്കാര്‍ അത്യാവശ്യമായി കടിഞ്ഞാണ്‍ ഇട്ടേമതിയാകു.
ആദിവാസി മേഖലകളില്‍ കുട്ടികളുടെ വിദ്യാഭ്യാസം എങ്ങുമെത്താത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഭൂരിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയോ അല്ലെങ്കില്‍ മറ്റ് ജോലികളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയില്ല. ആദിവാസി മേഖലകളിലെ സമ്പൂര്‍ണ സാക്ഷരതക്ക് ഉദകുന്ന രീതിയിലുള്ള പ്രത്യേക വിദ്യാഭ്യാസ പാക്കേജ് കൊണ്ടുവരുന്നത് പുതിയ സര്‍ക്കാരിനെ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചാവിഷയമാക്കുകതന്നെ ചെയ്യും.
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന പുകയില, മദ്യം, മയക്കുമരുന്ന്, തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുന്നതിന് സ്‌കൂളികള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണവും, ആവശ്യമായ കൗണ്‍സിലര്‍മാരെയും നിയമിക്കുന്നതിന് അടിയന്തരമായി വകുപ്പ് മന്ത്രി ഇടപെടലുകള്‍ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സംസ്ഥാനത്ത് അധ്യാപകരുടെ ജീവിതവും, അതോടൊപ്പം സ്‌കൂളുകളില്‍ പഠന കാര്യങ്ങളിലും വളര്‍ച്ചക്ക് വേണ്ടി പ്രത്യേക ഊന്നല്‍ നല്‍കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ രൂപീകരിക്കണം.
അധ്യാപകരുടെ മാനസീകാവസ്ഥക്ക് കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം പൂര്‍ണ്ണമായ, മനസിന് ഇണങ്ങുന്ന രീതിയിലുള്ള കുട്ടികളുമായുള്ള സംഭാഷണമാണ് കുട്ടികളെ അധ്യാപകരുമായി അടുക്കുന്നതിന് സഹായിക്കുന്നത്. കുട്ടികളും അധ്യാപകരും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതിന് പകരം കുറക്കുകയാണ് വേണ്ടത്. അതിന് ആവശ്യമായ സന്തോഷകരമായ മാനസീകാവസ്ഥ അധ്യാപകര്‍ക്ക് ലഭിക്കുന്നതിന് കാലാകാലങ്ങളില്‍ പരിശീലനം നല്‍കണം. വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ വളര്‍ച്ചയുടെ അടിത്തറ. ബഹു: മന്ത്രിയില്‍ നിന്നും ഈ വകുപ്പിന് കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.......
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."