മലയാളികള്‍ കസ്റ്റഡിയിലായ സ്വര്‍ണക്കവര്‍ച്ചാ കേസിലെ യഥാര്‍ഥ പ്രതികള്‍ അറസ്റ്റില്‍
ജിദ്ദ: ഗള്‍ഫ് രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണ ശേഖരം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കവര്‍ന്ന സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. എയര്‍പോര്‍ട്ടിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് സുരക്ഷാ വകുപ്പുകള്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയ സ്വര്‍ണ ശേഖരം ദുരൂഹ സാഹചര്യത്തില്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ഗള്‍ഫ് വിമാനത്തില്‍ എയര്‍ കാര്‍ഗോ ആയി എത്തിയ, കോടിക്കണക്കിന് റിയാല്‍ വില വരുന്ന സ്വര്‍ണ ശേഖരം സൂക്ഷിച്ച കണ്ടെയ്‌നറാണ് സംഘം അതിവിദഗ്ധമായി കവര്‍ന്നത്. സ്വര്‍ണ ശേഖരം റിയാദ് എയര്‍പോര്‍ട്ടിലെത്തുന്നതിനെ കുറിച്ച് സംഘത്തിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. സ്വര്‍ണ ശേഖരം ഗള്‍ഫ് രാജ്യത്തു നിന്ന് വിമാനത്തില്‍ കയറ്റുന്ന സമയം, റിയാദില്‍ വിമാനം എത്തുന്ന സമയം എന്നിവയെല്ലാം സംഘം മുന്‍കൂട്ടി അറിഞ്ഞിരുന്നു. ഏതു വിധേനയാണ് സംഘം സ്വര്‍ണ ശേഖരം എയര്‍പോര്‍ട്ടില്‍ നിന്ന് കവര്‍ന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് മലയാളികളടക്കമുളള ഏഴ് ഇന്ത്യക്കാരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എയര്‍പോര്‍ട്ട് കാര്‍ഗോ സെക്ഷനില്‍ ജോലി ചെയ്യുന്നവരായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂരിനു കേസില്‍ ഇടപെടാന്‍ എംബസി അനുമതി നല്‍കി. സിദ്ദീഖ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ റിയാദ് എക്‌സിറ്റ് അഞ്ചിലെ പ്രോസിക്യൂഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇവരുടെ നിരപരാധിത്വം തെളിയിക്കുകയും വിട്ടയക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."