മുന്നണിമാറ്റം: എല്‍.ഡി.എഫ്- ജെ.ഡി.യു ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനുപിന്നാലെ ഇടതുമുന്നണി പ്രവേശനത്തിനുള്ള ചര്‍ച്ചകള്‍ ജെ.ഡി.യു ശക്തമാക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ജെ.ഡി.യു നേതാവ് എം.വി ശ്രേയാംസ്‌കുമാര്‍ ചര്‍ച്ച നടത്തി. ജെ.ഡി.യു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങള്‍ ശ്രേയാംസ്‌കുമാര്‍ നേതാക്കളെ ധരിപ്പിച്ചു.
ജെ.ഡി.യുവിന്റെ തീരുമാനത്തെ സി.പി.എമ്മും സി.പി.ഐയും സ്വാഗതംചെയ്തു. എല്‍.ഡി.എഫ് വിട്ടുപോയപ്പോള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ജെ.ഡി.യുവിനോട് ആവശ്യപ്പെട്ടതാണെന്നും ഇപ്പോള്‍ അവര്‍ അതിന് സന്നദ്ധമായത് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യു.ഡി.എഫ് ശിഥിലമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് ജെ.ഡി.യു എടുത്ത തീരുമാനം. നേരത്തേ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയി. ഇനിയും പല പാര്‍ട്ടികളും യു.ഡി.എഫ് വിടും. ജെ.ഡി.യുവുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും എല്‍.ഡി.എഫിലേക്കുള്ള അവരുടെ പ്രവേശനമടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുക. അവര്‍ക്കുമുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്നും കോടിയേരി പറഞ്ഞു.
എല്‍.ഡി.എഫ് വിട്ടുപോയ പാര്‍ട്ടികള്‍ക്ക് മുന്നണിയില്‍ തിരിച്ചെത്താമെന്ന നേരത്തേയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ജെ.ഡി.യുവിനെ സ്വാഗതം ചെയ്യുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ഭാഗമല്ലാതിരുന്ന പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കുന്നതു കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. കേരളാ കോണ്‍ഗ്രസ് (എം) ന്റെ ഇടതുമുന്നണി പ്രവേശനത്തെക്കുറിച്ച് സി.പി.ഐയുടെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."