വ്യാജ ഏറ്റുമുട്ടല്‍ കേസ്; സോണിയ ഇടപെട്ടതിന് തെളിവില്ല
ന്യൂഡല്‍ഹി: 2004ല്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇടപെട്ടതിനു തെളിവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ബന്ധു തെഹ്സീന്‍ പൂനവാല സമര്‍പ്പിച്ച അപേക്ഷയ്ക്ക് നല്കിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇശ്റത്ത് ലഷ്ക്കര്‍ പ്രവര്‍ത്തകയാണെന്ന വിധത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ തയാറാക്കിയ ആദ്യ സത്യവാങ്മൂലം പിന്നീട് സി.ബി.ഐ തിരുത്തിയിരുന്നു. ഗുജറാത്ത് സര്‍ക്കാരിനെ കുടുക്കാനായി സോണിയാഗാന്ധിയും അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും ഇടപെട്ടാണിത് ചെയ്തതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്ന രേഖകളുണ്ടോയെന്ന് ചോദിച്ച് കഴിഞ്ഞമാസമാണ് തെഹ്സീന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് കാണാതായ സുപ്രധാന ഫയലുകള്‍ ഇതുവരെയും കണ്ടെത്താനായില്ല. ഇതു കണ്ടെത്താനായി സര്‍ക്കാര്‍ ഏകാംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരും കേസില്‍ ആരോപണവിധേയരാണ്. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ പിള്ള, അറ്റോര്‍ണി ജനറലായിരുന്ന ജി.ഇ വഹന്വതിയ്ക്ക് എഴുതിയ രണ്ടു കത്തുകളും കാണാതായവയുടെ കൂട്ടത്തിലുണ്ട്. ഫയലുകള്‍ കാണാതായ വിവരം കഴിഞ്ഞ മാര്‍ച്ച് 10ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങാണ് പാര്‍ലമെന്റിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."