പറമ്പിക്കുളം ആളിയാര്‍ കരാര്‍: കര്‍ഷകര്‍ സമരത്തിലേക്ക്
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാറിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട് കേരളാ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അനുകൂലമായി പ്രതികരിക്കാന്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ കര്‍ഷകര്‍ സമരത്തിലേക്ക്. ആദ്യപടിയായി ചിറ്റൂര്‍ താലൂക്കില്‍ ഈ മാസം 17ന് ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലിനുശേഷം മറ്റു സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് കര്‍ഷക സംഘടനകള്‍. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്
ആളിയാര്‍ കരാര്‍ പുതുക്കാനും കിട്ടാനുള്ള മുഴുവന്‍ വെള്ളവും നേടിയെടുക്കാനും ആവശ്യപ്പെട്ടാണ് സമരം. മുഖ്യമന്ത്രി പലതവണ തമിഴ്‌നാടിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നെങ്കിലും തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. അന്തര്‍സംസ്ഥാന നദീജലകരാറിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്.
കഴിഞ്ഞമാസം പാലക്കാട് ചേര്‍ന്ന അന്തര്‍ സംസ്ഥാന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ ജനുവരി 15 വരെ മാത്രമേ വെള്ളം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. ഈ വിവരം കേരളത്തിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും ജലസേചന മന്ത്രിയെയും അറിയിച്ചതനുസരിച്ച് സര്‍ക്കാര്‍ തമിഴ്‌നാടുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് 16വരെ തമിഴ്‌നാട്ടില്‍ അവധിയാണ്. 17 മുതല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ ജോലിക്കെത്തുകയുള്ളൂ. അതിനുശേഷമേ കേരളവുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുള്ളൂ. മാര്‍ച്ച് 15 വരെ വെള്ളം കിട്ടിയാല്‍ മാത്രമേ കേരളത്തിലെ കുടിവെള്ളക്ഷാമം ഒരുപരിധിവരെയെങ്കിലും പരിഹരിക്കാനാകൂ.
ഭാരതപ്പുഴയില്‍നിന്ന് മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലേക്ക് കുടിവെള്ളം വിതരണംചെയ്യാന്‍ ആളിയാറില്‍നിന്ന് ജലം കിട്ടിയാല്‍ മാത്രമേ സാധിക്കുകയുള്ളൂ. ഒന്നരക്കോടിയോളംവരുന്ന ജനങ്ങളുടെ മുഖ്യ കുടിവെള്ള സ്രോതസായ ഭാരതപ്പുഴയില്‍ ഇപ്പോള്‍തന്നെ വെള്ളമില്ലാത്ത അവസ്ഥയാണ്. ആളിയാറിലെ വെള്ളം കൃഷിക്ക് മാത്രമല്ലാതെ കുടിവെള്ളത്തിനും ഉപയോഗിച്ചുവരുന്നുണ്ട്. ഇവിടെ ജനുവരിയില്‍ തന്നെ കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. ആളിയാറിലെ വെള്ളം കിട്ടാതായാല്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടാനിടയുണ്ട്. പട്ടാമ്പിക്കടുത്ത പാവറട്ടി കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഗുരുവായൂര്‍ മേഖലകളിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നത്. ദിവസവും ആയിരങ്ങളെത്തുന്ന ഗുരുവായൂര്‍ മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയുണ്ട്. 15 വരെ കേരളത്തിന് നല്‍കാനുള്ള വെള്ളമേ ഇപ്പോള്‍ ആളിയാര്‍ ഡാമിലുള്ളൂ. ഇന്നലെ ആളിയാര്‍ ഡാമില്‍ കരുതല്‍ശേഖരം ഉള്‍പ്പെടെ 931 ദശലക്ഷം ഘനയടി വെള്ളമാണുള്ളത്. ഇതില്‍നിന്ന് 620 ദശലക്ഷം ഘനയടി വെള്ളമേ കേരളത്തിന് നല്‍കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ ആളിയാറില്‍ നിന്ന് കേരളത്തിന് നല്‍കാനായി തുറന്നുവിടുന്ന വെള്ളത്തില്‍ നല്ലൊരു ശതമാനവും പൊള്ളാച്ചി ആനമല ഭാഗത്തെ കൃഷിയിടങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.
മണക്കടവില്‍നിന്ന് മൂലത്തറ റിസോര്‍വോയറിലേക്ക് തുറന്നുവിടുന്ന വെള്ളത്തില്‍നിന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ രാത്രി സമയത്ത് കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം കടത്തുന്നുമുണ്ട്.
മൂലത്തറയില്‍ എത്ര വെള്ളം എത്തുന്നുണ്ടെന്ന് കണക്കാക്കാന്‍ യാതൊരു സംവിധാനവും ഇപ്പോള്‍ കേരളത്തിനില്ല. പറമ്പിക്കുളത്തെ വെള്ളം മുഴുവന്‍ കോണ്ടൂര്‍ കനാല്‍ വഴി തമിഴ്‌നാട് കടത്തുകയാണ്. ഓരോ വര്‍ഷവും കരാറിനുവിരുദ്ധമായി കനാലുകളും ചെക്ക് ഡാമുകളും പണിത് കേരളത്തിലേക്ക് ഒഴുകേണ്ട മഴവെള്ളംപോലും തമിഴ്‌നാട് കടത്തിക്കൊണ്ടുപോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."