നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതി ജയിലില്‍ അത്മഹത്യക്ക് ശ്രമിച്ചു
കൊച്ചി: നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ അത്മഹത്യക്ക് ശ്രമിച്ചു. കേസില്‍ ഇന്നലെ ശിക്ഷ വിധിക്കാനിരിക്കെ എറണാകുളം സബ് ജയിലിലാണ് സംഭവം. ഒന്നാംപ്രതി കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്ത് ആണ് വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ രഞ്ജിത്തിനെ കൂടാതെ സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍, കുട്ടിയുടെ അമ്മ എന്നിവരും പ്രതികളാണ്. മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തില്‍ കോടതി കേസില്‍ വിധിപറയുന്നത് മാറ്റി. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ രഞ്ജിത്തുമായി കുട്ടിയുടെ അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയ്ക്കുശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.
മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ ചോറ്റാനിക്കര പൊലിസില്‍ പരാതിയും നല്‍കി. സംശയംതോന്നിയ പൊലിസ് ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തറിയുന്നത്. കൊല്ലുന്നതിനു മുന്‍പ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ വിചാരണചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."