പ്രതീക്ഷയോടെ മെറീന എത്തി
തിരുവനന്തപുരം: ലോക കേരള സഭയില്‍ പ്രവാസ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായി മെറീന എത്തി.
ടേക്ക് ഓഫ് എന്ന സിനിമക്ക് കാരണമായത് മെറീനയുടെ പ്രവാസ ജീവിതമായിരുന്നു. ജോലി ലഭിക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടിയാണ് ലോക കേരള സഭയില്‍ മെറീന എത്തിയത്. ഇറാഖില്‍നിന്ന് മടങ്ങിയശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ക്ക് ജോലിയില്ല.
ഇത്രയും വലിയ ഇടവേള വന്നതിനാല്‍ വിദേശത്ത് നഴ്‌സിങ് മേഖലയില്‍ ജോലി ലഭിക്കാന്‍ പ്രയാസമാണെന്ന് മെറീന പറഞ്ഞു. സയന്‍സ് വിഷയമെടുത്തു പഠിച്ചശേഷം നഴ്‌സിങിനു പോയവര്‍ക്കുമാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ ജോലി ലഭിക്കുന്നത്.
ഇത് തന്നെപ്പോലെയുള്ള നിരവധിപേരുടെ സാധ്യതയാണ് ഇല്ലാതാക്കിയത്. തിരിച്ചെത്തിയശേഷം ജോലിക്കായി നിരവധി ശ്രമം നടത്തി. എന്നാല്‍, ഇത്രയും പ്രവൃത്തിപരിചയമുണ്ടായിട്ടും ചെറിയ ശമ്പളമാണ് എല്ലാവരും വാഗ്ദാനം ചെയ്യുന്നതെന്ന് മെറീന പറഞ്ഞു.
ഇറാഖ് യുദ്ധസമയത്ത് മെറീന അടക്കമുള്ള മലയാളി നഴ്‌സുമാര്‍ രക്ഷപ്പെട്ട് കേരളത്തിലെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു യുവതിയുമുണ്ടായിരുന്നു.
ഈ സംഭവമാണ് പിന്നീട് ടേക്ക് ഓഫ് എന്ന സിനിമക്ക് പ്രമേയമായത്. പാല പൂത്തലപ്പില്‍നിന്ന് മകന്‍ മെര്‍വിനൊപ്പമാണ് മെറീന ലോക കേരള സഭയില്‍ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലോക കേരള സഭ തന്നെപ്പോലെയുള്ള നിരവധിപേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീന കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."