തുര്‍ക്കിയില്‍ ഐ.എസ് വേട്ട: 400 പേര് അറസ്റ്റില്‍
അങ്കാറ: തുര്‍ക്കിയില്‍ 400 ഐ.എസുകാരെ പൊലിസ് പിടികൂടി. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ ഏറെയും വിദേശികളാണ്. സിറിയയുമായി അതിര്‍ത്തിപങ്കിടുന്ന തുര്‍ക്കിയില്‍ നിരവധി ഭീകരാക്രമണങ്ങളാണ് നടന്നത്.
18 പ്രവിശ്യകളിലാണ് റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അനാദൊലു പറഞ്ഞു. തലസ്ഥാനമായ അങ്കാറയില്‍ 60 പേരെ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്‍ മേഖലയായ സന്ലിയുര്ഫയില് 150 പേരെയും സിറിയന്‍ അതിര്‍ത്തി പ്രദേശമായ ഗസിന്ദപില് 47 പേരെയും അറസ്റ്റ് ചെയ്തു. ഇസ്മിര്‍ പ്രവിശ്യയിലെ ഈജിയനില്‍ ഒന്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഭീകരാക്രമണത്തിനു തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു.
തുടര്‍ച്ചയായി ഭീകരാക്രമണം നടക്കുന്ന ഇസ്താംബൂളിലും സമീപ പ്രവിശ്യയായ കൊകെയ്ലിയിലും 18 പേര് അറസ്റ്റിലായി. ഇതില്‍ 14 പേരും വിദേശികളാണ്. പിടിയിലായവരില്‍ 10 പേര് കുട്ടികളാണ്. ഇവരെ നാടുകടത്തും.
തുര്‍ക്കിയുടെ ചരിത്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദ വേട്ടയാണിത്. ഇത്രയേറെ ഐ.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാകുന്നതും ഇതാദ്യമാണ്. പുതുവത്സരാഘോഷത്തിനിടെ ഇസ്താംബൂളിലെ നിശാക്ലബിലാണ് ഐ.എസ് ഒടുവില്‍ ഭീകരാക്രമണം നടത്തിയത്. ഈ സംഭവത്തില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. ഉസ്ബെക് വംശജനെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
സിറിയയില്‍ ഐ.എസിനെതിരേ തുര്‍ക്കി സൈന്യം കരയാക്രമണം നടത്തുന്നുണ്ട്. ഇതോടെയാണ് തുര്‍ക്കിയില്‍ ഭീകരാക്രമണം വര്‍ധിച്ചത്. ഇതുവരെ 48 തുര്‍ക്കി സൈനികരെ ഐ.എസ് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."