ബ്ലൈന്‍ഡ് ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ
അജ്മന്‍: ബ്ലൈന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കി ഇന്ത്യ വിജയം സ്വന്തമാക്കി. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ടോസ് നേടി ഇന്ത്യ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ 282 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ക്ഷണത്തില്‍ റണ്‍സ് വാരി ഇന്ത്യ 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
71 പന്തില്‍ എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 79 റണ്‍സ് അടിച്ചെടുത്ത ദീപക് മാലികാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
വെങ്കടേശ്വര റാവു 55 പന്തില്‍ 64 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ അജയ് 34 പന്തില്‍ 47 റണ്‍സ് കണ്ടെത്തി. ദീപകും അജയും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 106 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിരയില്‍ എം.ഡി ജാമിലാണ് ടോപ് സ്‌കോറര്‍. താരം 91 പന്തില്‍ 90 റണ്‍സെടുത്ത് റട്ടയേര്‍ഡ് ഹര്‍ടായി. ക്യാപ്റ്റന്‍ നിസാര്‍ അലിയും തിളങ്ങി. താരം 63 റണ്‍സെടുത്തു. ഇന്ത്യക്കായി അജയ് റെഡ്ഡി, ബസപ്പ, സുനില്‍ രമേഷ്, രംബീര്‍, ദീപക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആസ്‌ത്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ശ്രീലങ്കക്കെതിരായ പോരാട്ടത്തിലും ദീപക് മാലികാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. താരം 103 പന്തില്‍ 179 റണ്‍സ് അടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."