അകാലമരണങ്ങളില്‍ കണ്ണീര്‍ തോരാതെ വെട്ടത്തൂര്‍
വെട്ടത്തൂര്‍: അകാലമരണങ്ങളില്‍ കണ്ണീര്‍ തോരാനാകാതെ വെട്ടത്തൂര്‍ പ്രദേശം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരുപാട് പേരുടെ പ്രതീക്ഷയായിരുന്ന മൂന്നുപേരാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. വെട്ടത്തൂര്‍ കാപ്പ് സ്‌കൂള്‍പടിയിലെ കുരിക്കള്‍ ബീരാന്റെ മകന്‍ ലുഖ്മാന്‍ (27)ആണ് ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചത്. ഇതേ അസുഖത്തെ തുടര്‍ന്ന് ഈ മാസം മൂന്നിന് മരിച്ച കാപ്പ് പൂരോണക്കുന്നിലെ കരിമ്പന മുഹമ്മദിന്റെ മകന്‍ റാഷിദ് (27)ന്റെ വിയോഗത്തിന്റെ നടുക്കം വിട്ടൊഴിയും മുന്‍പായിരുന്നു ഇന്നലെ മറ്റൊരു മരണവാര്‍ത്ത കൂടിയെത്തിയത്. പെരിന്തല്‍മണ്ണ കെ.എം.ടി സില്‍ക്‌സ് ജീവനക്കാരനായിരുന്ന ലുഖ്മാന്‍ രാവിലെ ജോലിക്കുപോകാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്തു വരികയായിരുന്ന കാപ്പ്പൂരോണക്കുന്നിലെ റാഷിദ് രണ്ടാഴ്ചത്തെ അവധിക്കു ശേഷം തിരിച്ചു പോവാനുള്ള തയാറെടുപ്പിനിടെയാണ് ഈ മാസം ആദ്യത്തില്‍ വിടപറഞ്ഞത്. ഇതിനു ഒരുമാസം മുന്‍പായിരുന്നു വെട്ടത്തൂര്‍ തേലക്കാട്ടെ പുളിയംകുന്നന്‍ ഷാനവാസ് (32)ന്റെ ആകസ്മിക വിയോഗം.
നാട്ടില്‍ എല്ലാ രംഗത്തും സജീവമായിരുന്ന ഷാനവാസിന്റെ വിയോഗത്തില്‍ നിന്നും നാടും നാട്ടുകാരും ഇനിയും മുക്തരായിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ ആറിന് ജോലിസ്ഥലമായ അല്‍ബഹയില്‍ കുഴഞ്ഞുവീണാണ് നവോദയ അല്‍ബഹയ യൂനിറ്റ് സെക്രട്ടറി കൂടിയായിരുന്ന ഷാനവാസ് വിടവാങ്ങിയത്. ലുഖ്മാന്റെ ജ്യേഷ്ട സഹോദരന്‍ സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന മുസ്തഫ ഒന്നരവര്‍ഷം മുന്‍പ് മരിച്ചതും സമാന സംഭവത്തെ തുടര്‍ന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."