നിലമ്പൂര്‍ ബൈപാസ്: രണ്ടാംഘട്ട ഭൂമി വിലനിര്‍ണയം തുടങ്ങി
നിലമ്പൂര്‍: നിലമ്പൂരിലെ നിര്‍ദിഷ്ട പ്രധാന ബൈപാസിനായി ഒന്നാംഘട്ടത്തിലെ രണ്ടാംബ്ലോക്കായ വീട്ടിക്കുത്ത് മുതല്‍ ചക്കാലക്കുത്ത് വരെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലനിര്‍ണയം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ ആഴ്ച ജില്ലാ കലക്ടര്‍ക്ക് കൈമാറും.
നിലമ്പൂര്‍ ജ്യോതിപ്പടി മുതല്‍ മുക്കട്ടവരെയുള്ള ആദ്യഘട്ടത്തിലെ രണ്ടാംബ്ലോക്കില്‍പെടുന്ന ഭൂമിയുടെ തരംതിരച്ചുള്ള വിലനിര്‍ണയമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ വിഭാഗം സ്‌പെഷല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ സി. അംബികയുടെ നേതൃത്വത്തിലാണ് വിലനിര്‍ണയ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ആദ്യ ബ്ലോക്കിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്. 75 ഭൂവുടമകളാണ് രണ്ടാം ബ്ലോക്കിലെ വീട്ടിക്കുത്ത് മുതല്‍ ചക്കാലക്കുത്ത് വരെയുള്ള ഭാഗത്തുള്ളത്. 11 വീടുകള്‍ ഇവിടെ ഭാഗികമായോ പൂര്‍ണമായോ പൊളിച്ചുനീക്കേണ്ടതുണ്ട്. ഇതിന്റെ വിലനിര്‍ണയവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 16 കോടിയോളം രൂപ ഈ ബ്ലോക്കില്‍പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. ഒന്നാംഘട്ടത്തില്‍ വിതരണത്തിനനുവദിച്ച തുകയില്‍ ഒന്നരക്കോടി രൂപ നീക്കിയിരിപ്പുണ്ട്. മൂന്നു മാസത്തിനകം ബാക്കി തുകകൂടി ലഭ്യമാക്കി നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."