മീനച്ചിലാറിന്റെ തീരങ്ങളില്‍ കളിമണ്ണ് ഖനനം വ്യാപകമാകുന്നതായി പരാതി
പാലാ: മീനച്ചിലാറിന്റെയും തോടുകളുടെയും തീരങ്ങളില്‍ കളിമണ്ണ് ഖനനം വ്യാപകമാകുന്നു. ഇല്ലാത്ത സ്റ്റോക്കിന് മൈനിങ് ആന്റ് ജിയോളജി വിഭാഗത്തില്‍ നിന്ന് ഡീലര്‍ പെര്‍മിറ്റ് എടുക്കുന്നവര്‍ നിരോധിത മേഖലകളില്‍ ഖനനം നടത്തി വന്‍ കളിമണ്‍കൊള്ള നടത്തുകയാണെന്ന് മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കിടങ്ങൂര്‍ വില്ലേജില്‍ വനംവകുപ്പിന്റെ സംരക്ഷിത പ്രദേശമായ ആറ്റുവഞ്ചിക്കടവിന് സമീപം ദിവസങ്ങളായി രാത്രിയുടെ മറവില്‍ വന്‍ തോതില്‍ ഖനനം നടക്കുകയാണ്. ആറ്റുവഞ്ചിക്കടവിനോട് ചേര്‍ന്നുള്ള കിടങ്ങൂര്‍ വില്ലേജ് ബ്ലോക്ക് 16ല്‍ 2,3 സര്‍വേ നമ്പരുകളില്‍ പെട്ട സ്ഥലത്തുനിന്ന് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചെടുത്ത കളിമണ്ണ് അടുത്തുള്ള ഇഷ്ടിക കളത്തിലേക്ക് ടിപ്പര്‍ ലോറികളില്‍ കടത്തി കൊണ്ട് പോവുകയാണെന്ന് സമരസമിതി ആരോപിക്കുന്നു.
യന്ത്രവല്‍കൃത ഇഷ്ടിക നിര്‍മാണം നടത്തുന്നവര്‍ ഇഷ്ടിക കളമാകെ 15 അടി ഉയരത്തില്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ചിരിക്കുന്നതിനാല്‍ ഉള്ളില്‍ നടക്കുന്നതൊന്നും പുറംലോകം അറിയാറില്ല.
ഉല്‍പാദിപ്പിക്കുന്ന ഇഷ്ടിക അപ്പപ്പോള്‍ വിറ്റ് പോകുന്നതിനാല്‍ ശരിയായ ഉല്‍പാദനത്തിന്റെ കണക്ക് പോലും പുറമേ അറിയുന്നില്ല.
25 ലക്ഷത്തോളം ഇഷ്ടിക നിര്‍മിക്കുകയും കോടികളുടെ വ്യാപാരം നടത്തുന്ന ഓരോ യൂനിറ്റും 10 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുന്നതായും ആരോപണമുണ്ട്.
വര്‍ഷാവസാനം നാമമാത്രമായ ഉല്‍പാദനവും കളിമണ്ണിന്റെ വലിയ ബാലന്‍സ് സ്റ്റോക്കും കണക്കില്‍ കാണിച്ച് വര്‍ഷം തോറും പെര്‍മിറ്റുകള്‍ പുതുക്കുകയും ചെയ്യുന്ന വന്‍ തട്ടിപ്പാണ് മണ്ണ് മാഫിയ നടത്തുന്നതെന്നും സംരക്ഷണ സമിതി പറയുന്നു.
പ്രകൃതിക്ക് വന്‍ ആഘാതമാണ് ഇത്തരം ക്വാറികള്‍ സൃഷ്ടിക്കുന്നത്. പരിധികളൊന്നും ഇല്ലാതെ വന്‍ ആഴത്തില്‍ കളിമണ്ണ് കുഴിച്ചെടുക്കുന്നതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ വറ്റിവരളുകയും ജലനിരപ്പ് താഴുന്നുമുണ്ട്.
മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അറിവോടെ നടക്കുന്ന നിയമവിരുദ്ധ ഖനനം കലക്ടറെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും കച്ചവടക്കാര്‍ക്ക് ഭൂമി തീറെഴുതി നല്‍കുമ്പോള്‍ കലക്ടറുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."