പ്രവാസി കമ്മിഷനെ സര്‍ക്കാരിന് വേണ്ട
മലപ്പുറം: പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭ നിലവില്‍വന്നിട്ടും ഒന്നര വര്‍ഷം മുന്‍പ് രൂപീകരിച്ച പ്രവാസി കമ്മിഷന്‍ അവഗണനയുടെ തൊഴുത്തില്‍. പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ നിയമപരമായ സുരക്ഷയും സംരക്ഷണവും നല്‍കുന്നതിനുവേണ്ടിയാണ് പ്രവാസി ഭാരതീയ കമ്മിഷന്‍ രൂപീകരിച്ചത്.
എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളും സഹായവും നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശവും നടപ്പായില്ല.
സ്ഥിരമായ ഓഫിസുകളും ജീവനക്കാരും ചെയര്‍മാനും അംഗങ്ങള്‍ക്കുള്ള ശമ്പളവുമടക്കം ലഭ്യമാക്കേണ്ടതുണ്ട്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഈ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
തിരുവനന്തപുരത്ത് താല്‍ക്കാലിക ഓഫിസുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. അതേസമയം, നിരവധി പരാതികള്‍ കമ്മിഷന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഓഫിസും ജീവനക്കാരുമടക്കമുള്ള സൗകര്യങ്ങളൊന്നുമില്ലാതെ പരാതികള്‍ വേണ്ട രീതിയില്‍ അന്വേഷിക്കുവാനോ ഇടപെടാനോ കഴിയാത്ത സ്ഥിതിയാണുള്ളത്.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എന്‍.ആര്‍.ഐ കമ്മിഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി ഭാരതീയ കമ്മിഷന്‍ 2016 ഏപ്രിലിലാണ് രൂപീകൃതമായത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം കമ്മിഷന്റെ രൂപീകരണം ഏറെ ആശ്വാസകരമായിരുന്നു. കമ്മിഷന് അര്‍ധ ജുഡീഷറി അധികാരങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നത്. പ്രവാസികളുടെ പണം തട്ടിയെടുക്കുന്നതും വ്യാജറിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതും പോലെയുള്ള ചൂഷണങ്ങള്‍ക്ക് കമ്മിഷന് പരിഹാരം കാണാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സര്‍ക്കാരിന്റെ നിസംഗത മൂലം ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. ഇത്തരത്തിലൊരു കമ്മിഷന്‍ രൂപീകരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."