പനി ബാധിതരെക്കൊണ്ട് 'വീര്‍പ്പുമുട്ടി' കോതമംഗലം സര്‍ക്കാര്‍ ആശുപത്രി
കോതമംഗലം: പ്രദേശത്ത് പനി പടര്‍ന്നുപിടിച്ചതോടെ കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ നീണ്ടനിര. ഒ.പി യില്‍ ഡോക്ടറെ കാണാന്‍ കാത്തു നിന്ന രണ്ട് രോഗികള്‍ ഇന്നലെ തളര്‍ന്നു വീണു. രാവിലെ ഒന്‍പതോടെ ക്യൂവില്‍ സ്ഥലം പിടിച്ച ഒരു യുവതിയും മറ്റൊരു വീട്ടമ്മയുമാണ് പതിനൊന്നരയോടെ കുഴഞ്ഞ് വീണത്. പിന്നീട് ഡോക്ടര്‍ പരിശോധന നടത്തി ഇവരെ വാര്‍ഡുകളിലേക്ക് മാറ്റി.
ആശുപത്രിയില്‍ ടോക്കണ്‍ സംവിധാനം നിലവിലുണ്ടെങ്കിലും അതു നടപ്പിലാക്കാത്തതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് രാഗികള്‍ പറയുന്നു. രോഗികള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി മുന്‍ഗണന ക്രമത്തില്‍ ചീട്ട് ചിട്ടപ്പെടുത്തുകയാണങ്കില്‍ ഇടവേളകളില്‍ രോഗികള്‍ക്ക് വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ അവസരം ലഭിക്കും. ഇത് കൃത്യമായി നടപ്പിലാക്കാത്തതുമൂലം രോഗികള്‍ കൂട്ടംകൂടിനിന്ന് ഇടിച്ചുകയറിയാണ് ഡോക്ടറെ കാണുന്നത്.
രാവിലെ ഭക്ഷണം പോലും കഴിക്കാതെയാണ് അവശരായായ രോഗികള്‍ ഡോക്ടറെ പ്രതീക്ഷിച്ച് പുലര്‍ച്ചേതന്നെ ആശുപത്രിയിലെത്തി ക്യൂവില്‍ ഇടംപിടിക്കുന്നത്. മിക്കവാറും ദിവസങ്ങളില്‍ വാര്‍ഡ് സന്ദര്‍ശനത്തിന് ശേഷം ഡോക്ടറെത്തുമ്പോഴേക്കും 11 മണി കഴിഞ്ഞിരിക്കും. ഇങ്ങനെ പനി ബാധിച്ച് അവശനിലയിലായ രണ്ടു പേരാണ് ഇന്നലെ തളര്‍ന്ന് വീണത്.
നിലവിലത്തെ അവസ്ഥയില്‍ അത്യാവശ്യങ്ങള്‍ക്ക് പോലും ക്യൂവില്‍ നിന്നും പുറത്തേക്കിറങ്ങിയാല്‍ പിന്നീട് നിരയില്‍ ഇടക്ക് കയറ്റുകയില്ല. രോഗികളുടേയും ആശ്രിതരുടേയും തിക്കും തിരക്കും ചിലര്‍ നിരതെറ്റിക്കുമ്പോഴും രോഗികള്‍ തമ്മിലുള്ള ചീത്ത വിളികള്‍ക്കും കയ്യാങ്കളിക്കും കാരണമാകുന്നുണ്ട്. ഡോക്ടര്‍മാര്‍ സമയനിഷ്ഠ പാലിക്കുകണമെന്നും ടോക്കണ്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."