കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹരജി
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയിലെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും ക്ലാസുകള്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍ഗോഡ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് പ്രിന്‍സിലും മാനേജരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് ക്ലാസുകള്‍ മുടങ്ങുന്നത് കോളജിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ടെന്നും ഇതിനെതരേ നടപടി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
2016 ഡിസംബര്‍ 15 ന് കോളജിനു പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജനുവരി പത്ത് മുതല്‍ വിദ്യാര്‍ഥി സമരം രൂക്ഷമായെന്നും ക്ലാസുകള്‍ നടത്താനാവുന്ന സാഹചര്യമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസുകള്‍ തടയുകയും വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉപദ്രവിക്കുകയും ചെയ്യുന്നവരെ തടയാന്‍ പൊലിസിനു കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."